തെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ തെക്കൻ തെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി വീടുകളും ഒരു സ്‌കൂളും തകർന്ന ആക്രമണത്തിൽ 28 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ആക്രമണം രൂക്ഷമായി തുടരുമ്പോഴും ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പുനൽകിയതായി ട്രംപ് അവകാശപ്പെട്ടെങ്കിലും, സമ്പൂർണ്ണ വിജയം നേടും വരെ പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം. റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വെടിനിർത്തൽ ആവശ്യപ്പെട്ട് രംഗത്തെത്തിയത് ഇറാനുമേൽ നയതന്ത്ര സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇസ്രയേലിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടരുകയാണ്. സംഘർഷം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും ആർക്കും പരിക്കില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നും കുവൈറ്റ് സിവിൽ ഡിഫൻസ് അറിയിച്ചു. പശ്ചിമേഷ്യയിലെ സ്ഫോടനാത്മകമായ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. രാജ്യാന്തര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു.

