Home Kerala‘കെ. സുധാകരന് ഓഫറുകൾ നൽകിയിട്ടില്ല, മത്സരിക്കണമെന്ന ആഗ്രഹം തെറ്റല്ല’; ബിജെപി-സിപിഎം ഡീൽ ആരോപണം ആവർത്തിച്ച് കെ.സി. വേണുഗോപാൽ

‘കെ. സുധാകരന് ഓഫറുകൾ നൽകിയിട്ടില്ല, മത്സരിക്കണമെന്ന ആഗ്രഹം തെറ്റല്ല’; ബിജെപി-സിപിഎം ഡീൽ ആരോപണം ആവർത്തിച്ച് കെ.സി. വേണുഗോപാൽ

by news_desk
0 comments

കൊച്ചി: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രത്യേക ഓഫറുകളൊന്നും നൽകിയിട്ടില്ലെന്നും പാർട്ടിക്ക് അതീതനല്ല താനെന്ന് അദ്ദേഹം വ്യക്തമാക്കിയതായും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സുധാകരൻ പാർട്ടി വിടുമെന്നടക്കമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. അനുഭവസമ്പത്തുള്ള ഒരു നേതാവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തോന്നുന്നതിൽ തെറ്റില്ല. എന്നാൽ, ഒരു എം.പി മത്സരിക്കുമ്പോൾ ഉണ്ടാകാവുന്ന ഉപതിരഞ്ഞെടുപ്പ് ചെലവുകളും പാർട്ടി നേരിടേണ്ടി വരുന്ന സാങ്കേതിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡ് എടുത്തത്. കോൺഗ്രസ് അധ്യക്ഷൻ നേരിട്ട് ഇക്കാര്യം സുധാകരനെ അറിയിക്കുകയും അദ്ദേഹം അത് പൂർണ്ണമനസ്സോടെ ഉൾക്കൊള്ളുകയും ചെയ്തുവെന്ന് വേണുഗോപാൽ പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ കൃത്യമായ ‘ഡീൽ’ ഉണ്ടെന്നും ട്വന്റി-ട്വന്റിക്ക് പ്രധാന സീറ്റുകൾ നൽകിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റി-ട്വന്റിയെ ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ വേണുഗോപാൽ പ്രശംസിച്ചു. രാഷ്ട്രീയ ബോധ്യമുള്ള, കരുത്തുറ്റ പ്രസംഗങ്ങൾ നടത്താൻ ശേഷിയുള്ള നേതാവാണ് പിഷാരടിയെന്നും അദ്ദേഹം എല്ലാ സമരവേദികളിലും സജീവമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. നേമത്ത് ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കെ.എസ് ശബരീനാഥന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ശബരീനാഥനെ പരിഹസിക്കുന്ന മന്ത്രി വി. ശിവൻകുട്ടിക്ക് തിരഞ്ഞെടുപ്പിന് ശേഷം വീട്ടിലിരിക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.

സിപിഎം നേതാവ് ജി. സുധാകരനെ പാർട്ടി ഒതുക്കിയതിനെയും വേണുഗോപാൽ വിമർശിച്ചു. ആത്മാർത്ഥമായി വകുപ്പ് കൈകാര്യം ചെയ്ത സുധാകരനെ പ്രായത്തിന്റെ പേരിൽ മാറ്റിനിർത്തിയത് ഇരട്ടത്താപ്പാണ്. ഈ നിബന്ധന മുഖ്യമന്ത്രി പിണറായി വിജയനും എ.കെ. ശശീന്ദ്രനും ബാധകമല്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയിലെ തിരുത്തൽ ശക്തിയായതിനാലാണ് ജി. സുധാകരൻ നേതൃത്വത്തിന് അനഭിമതനായത്. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളില്ലെന്നും വിജയത്തിന് ശേഷം ഹൈക്കമാൻഡ് അത് കൃത്യമായി തീരുമാനിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്തുള്ള വൻ വിജയം യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

You may also like