ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയ അഭിപ്രായഭിന്നതകൾ സ്വാഭാവികമാണ്. പക്ഷേ, അതിന്റെ പേരിൽ വ്യക്തികളെയും പ്രത്യേകിച്ച് സ്ത്രീകളെയും ലക്ഷ്യമിട്ട് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയും എം.എൽ.എയുമായ യു പ്രതിഭക്കെതിരെ മുസ്ലീം ലീഗ് നേതാവും കായംകുളം നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായ ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്തരം പരാമർശങ്ങൾ രാഷ്ട്രീയ സംസ്കാരത്തിന്റെ നിലവാരം ചോദ്യം ചെയ്യുന്നതാണ്. സ്ത്രീകൾ പൊതുജീവിതത്തിൽ കൂടുതൽ സജീവമാകുന്ന ഈ കാലഘട്ടത്തിൽ പോലും, അവരെ അപമാനിക്കുന്ന ഭാഷയും സമീപനവും തുടരുന്നതു നമ്മുടെ സമൂഹത്തിന്റെ ഇരുണ്ട വശമാണ്. രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം, കടുത്ത വിമർശനങ്ങളും ഉണ്ടായേക്കാം. എന്നാൽ അത് വ്യക്തിത്വത്തെയോ ലിംഗത്തെയോ ലക്ഷ്യമിട്ട് ആയിരിക്കരുത്. അത്തരമൊരു നിലപാട് ജനാധിപത്യ മൂല്യങ്ങളെ തന്നെ തകർക്കുന്നതാണ്.
ആശയപരമായ പോരാട്ടങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെയും സത്യസന്ധവും സഹിഷ്ണുതാപരവുമായ ചർച്ചകളുടെ വേദിയായി മാറേണ്ട ഇടമാണ് തെരഞ്ഞെടുപ്പ് രംഗം. അവിടെ വ്യക്തിപരമായ അധിക്ഷേപങ്ങളും അരാഷ്ട്രീയമായ വാദ പ്രതിവാദങ്ങളും -കൊണ്ടുവരുന്നത് ജനാധിപത്യത്തിന് അംശ്ലീലമാണ്. അത് തിരിച്ചറിയാതെ വ്യക്തിപരമായി പ്രത്യേകിച്ച് സ്ത്രീകളെ അധിക്ഷേപിക്കുന്നത് സാംസ്കാരിക കേരളത്തിന് ഒട്ടും യോജിച്ചതല്ല. നമ്മുടെ നാടിന്റെ സാമൂഹിക പാരമ്പര്യത്തെയും സാംസ്കാരിക ബോധത്തെയും ഐക്യത്തെ ബഹുമാനത്തെയും അട്ടിമറിക്കാൻ ആണ് അതെല്ലാം വഴിവെക്കുക. സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനകൾ വ്യക്തിപരമായ ആക്രമണമായി മാത്രം കാണാൻ കഴിയില്ല; അത് സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനത്തെ താഴ്ത്തുന്ന ഒരു പ്രവണതയുടെ ഭാഗമാണ്. രാഷ്ട്രീയ വേദികളിൽ നിന്നുള്ള ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തെയും തെറ്റായ ദിശയിലേക്ക് നയിക്കും.
ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഭാഷയിൽ കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടത് അതിനാലാണ്. മുസ്ലിം ലീഗ് നേതാവിന്റെ ഭാഗത്ത് നിന്ന് കേട്ടാൽ അറപ്പുള്ളവാക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഉണ്ടായിട്ടും കേട്ടുകൊണ്ട് വേദിയിലും സദസിലും വരുന്ന ആരുംതന്നെ മറുത്തൊരു അക്ഷരം പറയാതിരുന്നത് ദൗർഭാഗ്യകരമായി പോയി. രാഷ്ട്രീയപാർട്ടികളുടെ നേതാക്കളിലും പ്രവർത്തകരിലും അനുഭാവികളിലും അടിഞ്ഞുകൂടിയിരിക്കുന്ന സ്ത്രീവിരുദ്ധതയുടെ പ്രതിഫലനമാണ് ആ മൗനം. എത്രത്തോളം പുരോഗമനം എന്ന് പറയുമ്പോഴും അടിസ്ഥാനപരമായി ഇപ്പോഴും ആരുംതന്നെ മാറിയിട്ടില്ല എന്നതാണ് വസ്തുത. ഇന്നലെകളിലെ അടിമത്ത വ്യവസ്ഥിതിയെയും ജാതി മേൽക്കോയ്മയെയും സ്ത്രീകളുടെ മുന്നേറ്റങ്ങളെ തടയുന്നത് ആയിട്ടുള്ള മനോഭാവത്തിന്റെയും വേരുകൾ മനുഷ്യമനസുകൾക്കുള്ളിൽ ബാക്കി നിൽക്കുന്നുണ്ട്. അതൊരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യവുമല്ല അത്തരം വേരുകളെ പൂർണമായും അറുത്തു മാറ്റണം. വിവാദമായപ്പോൾ ഖേദപ്രകടനം കൊണ്ട് രക്ഷപ്പെടാനുള്ള ശ്രമങ്ങളും സ്വാഭാവിക നടപടി എന്നോണം ഉണ്ടായിട്ടുണ്ട്. പക്ഷേ അത്തരത്തിൽ അവസാനിപ്പിക്കേണ്ട വിഷയമല്ല ഇത്. നിരന്തരമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരെ വ്യാപകമായിട്ടുള്ള അധിക്ഷേപകരമായ പരാമർശങ്ങളും വ്യാജമായ ആരോപണങ്ങളും ഉണ്ടാവുകയാണ്.
ലീഗിന്റെ തന്നെ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള പ്രസ്താവനയിലെ തെറ്റ് ഏറ്റുപറഞ്ഞ് യു പ്രതിഭ എം.എൽ.എക്ക് ഐക്യദാർഢ്യം രേഖപ്പെടുത്താൻ പരസ്യമായും ഒരു ലീഗ് നേതാവും തയ്യാറായിട്ടില്ല എന്നുള്ളതും സങ്കടകരമാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് പാണക്കാട് സാദിക്കലി തങ്ങൾക്കെതിരെ വ്യാജ വീഡിയോ വന്നപ്പോൾ അതിനെതിരെ പ്രതിരോധിക്കാനും പ്രതികരിക്കാനും ആരാ നിമിഷത്തിന്റെ പോലും കാലതാമസം ഇല്ലാതെ ലോകത്തെമ്പാടുമുള്ള മുസ്ലിം ലീഗ് പ്രവർത്തകർ കാട്ടിയ ആവേശം പെട്ടെന്ന് എന്തേ ആവിയായി പോയത്. അപ്പോ സ്വന്തം ശരീരത്തിന് മുറിവ് പറ്റുമ്പോൾ മാത്രമേ കുഴപ്പമുള്ളൂ അല്ലേ. മനുഷ്യന്റെ രക്തത്തിന് ഒരു നിറമേയുള്ളൂ അത് ചുവപ്പാണ്. എന്നാൽ പലരും മനസുകൊണ്ട് പലരും പല രീതിയിലാണ് അതിനെ കാണുന്നതെന്ന് ഈ സംഭവത്തോടെ തന്നെ വ്യക്തമായി. രാഷ്ട്രീയത്തിന്റെ ബാനറിനപ്പുറത്ത് സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെ എല്ലാം ഒരേ രീതിയിൽ തന്നെയാണ് കേരളം കാണുകയും അതിനെതിരായുള്ള എതിർപ്പ് ശക്തമായ ഭാഷയിൽ തന്നെ രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളത്. ഇനി ഒരിക്കലും ആർക്ക് നേരെ തെറ്റായ ഏത് പ്രവർത്തി ഉണ്ടായാലും അംഗീകരിക്കാനോ അത് ചെയ്തവരെ സംരക്ഷിക്കാനോ കേരളം ഉണ്ടാവുകയില്ല. സംഭവത്തിൽ നിന്ന് മുഖം രക്ഷിക്കാൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇർഷാദിനെ പുറത്താക്കിയത് നല്ലത് തന്നെ. എന്നാൽ ലീഗ് നേതൃത്വം സംഭവിച്ച തെറ്റിനെ പരസ്യമായി അംഗീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമായിരുന്നു.
ഇന്നലെ മുതൽ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സി.പി.എം ബിജെപി നേതാക്കൾ സ്ത്രീകൾക്കെതിരെ നടത്തിയ അധിക്ഷേപങ്ങൾ കുത്തിപ്പൊക്കാൻ ആണ് യു.ഡി.എഫ് സൈബർ ടീമുകളുടെ ആവേശം കണ്ടത്. അപ്പോഴും സ്വന്തം തെറ്റിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നതിലൂടെ എന്ന് ആരും മനസ്സിലാക്കുന്നില്ല. ഈ സംഭവത്തെ ഒറ്റപ്പെട്ട വിവാദമായി കാണാതെ, രാഷ്ട്രീയ സംഭാഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്തേണ്ട ആവശ്യകതയായി കാണണം. തെറ്റായ പ്രസ്താവനകൾക്കെതിരെ ശക്തമായ പ്രതികരണവും ആത്മപരിശോധനയും ഉണ്ടാകണം. രാഷ്ട്രീയത്തിൽ സംസ്കാരവും ശാലീനതയും നിലനിർത്താൻ നേതാക്കൾ തന്നെ മാതൃകയാകണം. ഭരണപക്ഷ പ്രതിപക്ഷ കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്ത്രീകൾക്ക് അർഹമായ പ്രതിനിധ്യം നൽകുന്നത് ഇപ്പോഴും വൈമനസ്യം വ്യക്തമാണെന്ന് 2026 നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക സാക്ഷ്യം പറയുന്നു.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ആകെ മത്സരിക്കുന്ന 457 സ്ഥാനാർഥികളിൽ 54 സ്ത്രീകൾ മാത്രമാണുള്ളത് ഒരു ട്രാൻസ്ജെൻഡർ അതായത് ആകെ ശതമാനത്തിന്റെ 10.5 ശതമാനം മാത്രം. സംസ്ഥാന രാഷ്ട്രീയത്തിന്റെ പരിസരങ്ങളിൽ നിന്ന് സ്ത്രീകളെ മനപ്പൂർവ്വം അകറ്റി നിർത്താൻ ആർക്കൊക്കെയോ താല്പര്യമുള്ളതുപോലെ. സാമൂഹിക പരിഷ്കരണ രംഗത്തും വിദ്യഭ്യാസ രംഗത്തും ചരിത്രപരമായ കാൽവെപ്പുകൾ ഉള്ള നിരവധി സ്ത്രീകളുണ്ട് ബഹിരാകാശത്തു പോലും കയ്യൊപ്പ് ചാർത്തിയ നാരീശക്തിയെ ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ ചേർത്ത് പിടിക്കണം. അവഗണിക്കുകയും അപമാനിക്കുകയോ ചെയ്യേണ്ടവരല്ല ചേർത്ത് നിർത്തി അംഗീകരിക്കേണ്ടവരാണവർ. സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ട സമയത്ത്, അവരെ അവഹേളിക്കുന്ന പ്രവണതകൾ അവസാനിപ്പിക്കപ്പെടണം. വാക്കുകൾക്ക് അതിരില്ലെങ്കിൽ രാഷ്ട്രീയം തന്റെ മൂല്യം നഷ്ടപ്പെടും എന്ന സത്യം ഈ സംഭവവും നമ്മെ ഓർമ്മിപ്പിക്കുന്നു.

