തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഉന്നയിക്കാൻ മറ്റ് ആക്ഷേപങ്ങളില്ലാത്തതിനാലാണ് കോൺഗ്രസ് ബിജെപി ഡീൽ ആരോപണവുമായി പുകമറ സൃഷ്ടിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണനേട്ടങ്ങളെക്കുറിച്ചുള്ള അർത്ഥവത്തായ സംവാദങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ പല പ്രവർത്തനങ്ങളും യഥാർത്ഥത്തിൽ മോദി സർക്കാരിനെ സഹായിക്കുന്നതാണെന്നും കെ. സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് അദ്ദേഹത്തിന്റെ പാർട്ടി കൂറിനെക്കുറിച്ച് നിരന്തരം സംസാരിക്കുന്നതെന്നും ബ്രിട്ടാസ് പരിഹസിച്ചു.
“ഞങ്ങൾക്ക് ഡീലുണ്ട്, അത് കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാൻ ഈ നാട്ടിലെ ജനങ്ങളുമായാണ്. എന്നാൽ ബിജെപിയുമായി നിരന്തരം സന്ധി ചെയ്യുന്നത് കോൺഗ്രസാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ട് എംപിമാരെ താലത്തിൽ വെച്ചുകൊടുത്തവർക്കെതിരെ ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാൻ കോൺഗ്രസ് തയ്യാറായിട്ടില്ല,” അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ ഒരു ജനവിരുദ്ധ വികാരവും ഇല്ലാത്തതിനാൽ ഇത്തരം കള്ളപ്രചാരണങ്ങളിലൂടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസമുണ്ടെന്നും കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ ആവേശത്തോടെയാണ് സംസാരിക്കുന്നതെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഈ ഭരണത്തുടർച്ച കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ട്. ശ്രദ്ധേയമായ വിജയം ഇടതുപക്ഷത്തിനുണ്ടാകുമെന്നും അത് കേരള ചരിത്രത്തിലെ ഒരു നാഴികക്കല്ലാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതി രഹിതവും വികസനോന്മുഖവുമായ ഭരണം ജനങ്ങൾ വീണ്ടും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

