Home Internationalഓശാന ദിനത്തില്‍ മതപുരോഹിതര്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിച്ച് ഇസ്രയേല്‍ പൊലീസ്

ഓശാന ദിനത്തില്‍ മതപുരോഹിതര്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിച്ച് ഇസ്രയേല്‍ പൊലീസ്

by news_desk
0 comments

തെല്‍ അവീവ്: ഓശാന ദിനാചരണത്തിനിടെ ജറുസലേമിലെ പ്രമുഖ ക്രൈസ്തവ ആരാധനാലയമായ ചര്‍ച്ച് ഓഫ് ദി ഹോളി സെപല്‍ചറില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ മതപുരോഹിതരെ പ്രവേശിപ്പിക്കാതിരുന്ന ഇസ്രയേല്‍ പൊലീസിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. പള്ളിയിലെത്തിയ സഭാ നേതാക്കളെയാണ് പൊലീസ് തടഞ്ഞത്.

ഇറാനുമായുള്ള യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് ഇസ്രയേലിലെ പ്രധാന ആരാധനാലയങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ അടച്ചിരുന്നുവെങ്കിലും, ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പരിമിതമായ രീതിയില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗിക ഘോഷയാത്രകളില്ലാതെ സ്വകാര്യമായി ദേവാലയത്തിലേക്ക് എത്തിയ മതനേതാക്കളെ പൊലീസ് തിരിച്ചറിഞ്ഞ് പ്രവേശനം നിഷേധിക്കുകയായിരുന്നു.

നൂറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യത്തില്‍ ആദ്യമായാണ് സഭാ തലവന്‍മാര്‍ക്ക് ഓശാന ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കാന്‍ തടസ്സം നേരിടേണ്ടിവന്നതെന്നാണ് റിപ്പോര്‍ട്ട്. ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ല ഉള്‍പ്പെടെ സഭയിലെ ഉന്നത നേതാക്കളും ‘കസ്റ്റഡി ഓഫ് ദി ഹോളി ലാന്‍ഡ്’ പ്രതിനിധികളും പ്രവേശനം നിഷേധിക്കപ്പെട്ടവരിലുണ്ടായിരുന്നു.

യേശുക്രിസ്തുവിനെ കുരിശിലേറ്റിയതായി വിശ്വസിക്കുന്ന വിശുദ്ധ സ്ഥലത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. സുരക്ഷാ നിയന്ത്രണങ്ങളും ജറുസലേമിലെ ഇടുങ്ങിയ വഴികളിലെ ഗതാഗതപരിമിതികളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് ഇസ്രയേല്‍ പൊലീസ് വിശദീകരിച്ചു.

അതേസമയം, ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് ഓഫ് ജറുസലേവും കസ്റ്റഡി ഓഫ് ദി ഹോളി ലാന്‍ഡും സംയുക്ത പ്രസ്താവനയിലൂടെ പൊലീസിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചു. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് സംഭവമെന്നും വിശുദ്ധ സ്ഥലങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന മതനേതാക്കളെ തടഞ്ഞത് അകാരണവും പക്ഷപാതപരവുമാണെന്നും പ്രസ്താവനയില്‍ ആരോപിച്ചു.

സംഭവത്തിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളും പ്രതികരിച്ചു. വിശ്വാസികളോടുള്ള അവഹേളനമാണിതെന്ന് ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അഭിപ്രായപ്പെട്ടു. ജറുസലേമില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആവശ്യപ്പെട്ടു.

You may also like