ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനായുള്ള കന്നിമത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് നിരാശയോടെ തുടക്കം. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ചെന്നൈയിലെത്തിയ സഞ്ജുവിന്, തന്റെ മുൻ ടീമിനെതിരെ തന്നെയായിരുന്നു ആദ്യ പോരാട്ടം. മികച്ച പ്രകടനം പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തി ഏഴ് പന്തിൽ ആറ് റൺസെടുത്താണ് താരം മടങ്ങിയത്. ഇതോടെ കഴിഞ്ഞ ആറ് സീസണുകളിലും ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തുടർന്നുവന്ന അപൂർവ്വ റെക്കോർഡും കൈവിട്ടു.
2020 മുതൽ 2025 വരെയുള്ള സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരങ്ങളിൽ സഞ്ജു അമ്പതിലധികം റൺസ് നേടിയിരുന്നു. ഇതിൽ ഒരു സെഞ്ച്വറിയും ഉൾപ്പെടുന്നു. എന്നാൽ ചെന്നൈയ്ക്കായി ഓപ്പണറായി ഇറങ്ങിയ താരത്തിന് ആ പതിവ് ഇത്തവണ ആവർത്തിക്കാനായില്ല. ടോസ് നേടി രാജസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്ത മത്സരത്തിൽ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിനൊപ്പമാണ് സഞ്ജു ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ രണ്ടാം ഓവറിലെ അവസാന പന്തിൽ നാന്ദ്രേ ബർഗർ സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ടീം സ്കോർ 14-ൽ നിൽക്കെയായിരുന്നു താരത്തിന്റെ മടക്കം.
സഞ്ജു ഉൾപ്പെടെയുള്ള മുൻനിര തകർന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് എട്ട് വിക്കറ്റിന്റെ കനത്ത പരാജയമാണ് ചെന്നൈ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 127 റൺസിന് ഓൾഔട്ടാക്കിയ രാജസ്ഥാൻ, 12.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പരാജയത്തോടെ തുടങ്ങിയെങ്കിലും വരും മത്സരങ്ങളിൽ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

