തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കുകയോ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വലിയ നേട്ടമായി മുഖ്യമന്ത്രി ഉയർത്തിക്കാട്ടി. ഏകദേശം 20 ലക്ഷത്തോളം ആളുകൾക്ക് ഇതിലൂടെ സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ കഴിഞ്ഞു. ഇതിനു പുറമെ മത്സ്യത്തൊഴിലാളികൾക്കായി ‘പുനർഗേഹം’ പദ്ധതി വഴി 2782 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. പത്ത് വർഷത്തിനിടെ നാലര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പട്ടയം നൽകാൻ കഴിഞ്ഞതായും ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ നിയമഭേദഗതികൾ കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കാൻ കഴിഞ്ഞത് ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 64,006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഏക കിടപ്പാടം ജപ്തി നടപടികളിൽ നിന്ന് സംരക്ഷിക്കാൻ നിയമം കൊണ്ടുവന്നതും വീട്ടമ്മമാരുടെ അധ്വാനത്തിന് അംഗീകാരമായി പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി 16 ലക്ഷം പേർക്ക് ലഭ്യമാക്കിയതും സർക്കാരിന്റെ ജനക്ഷേമ നടപടികളുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വികസനവും ക്ഷേമപ്രവർത്തനങ്ങളും മുൻനിർത്തി വോട്ട് തേടാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾക്കിടയിലും കേരളം കൈവരിച്ച ഈ നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയാകുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. നാളെ നടക്കുന്ന കലാശക്കൊട്ടിന് മുന്നോടിയായി ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഈ റിപ്പോർട്ട് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.

