മരണശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാറ്റം വേണമെന്ന ആവശ്യം പരിഗണിക്കവെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. തൂക്കുകയറിന് പകരം വിഷംകുത്തിവച്ച് മരണശിക്ഷ നടപ്പാക്കാനുള്ള ഓപ്ഷൻ അനുവദിക്കണമെന്ന ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് തൂക്കുകയർ അല്ലെങ്കിൽ വിഷംകുത്തിവയ്‌പ്പ് എന്നിങ്ങനെ മരണരീതി തിരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നതാണ് ഹർജിക്കാരന്റെ ആവശ്യം.
എന്നാൽ, ഇത്തരമൊരു തിരഞ്ഞെടുപ്പ് അനുവദിക്കുന്നത് സാധ്യമല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് “കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് സർക്കാർ മാറാൻ തയ്യാറാകുന്നില്ല” എന്ന വിമർശനം കോടതി ഉയർത്തിയത്.
കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷക സോണിയ മാധുർ, ഇത്തരത്തിലുള്ള തീരുമാനം നയപരമായ വിഷയമാണെന്ന് വാദിച്ചു. തുടര്‍ന്ന് കേസ് അടുത്ത മാസം 11-ലേക്ക് മാറ്റി.
ഹർജിയിൽ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, തൂക്കുകയർ വഴി നടപ്പാക്കുന്ന വധശിക്ഷയിൽ ദീർഘനേരം വേദന അനുഭവിക്കേണ്ടിവരുന്നു. അതിനാൽ ലീതൽ ഇൻജക്ഷൻ പോലുള്ള രീതികൾ കൂടുതൽ മാനുഷികമാണെന്നും, അതിലൂടെ വേഗത്തിൽ മരണം സംഭവിക്കുമെന്നും വാദിക്കുന്നു.
ഇതുകൂടാതെ, നിരവധി രാജ്യങ്ങളിൽ ഇത്തരം മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും, ശിക്ഷിക്കപ്പെട്ടവർക്കു മരണരീതി തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്നത് കൂടുതൽ മാന്യമായ സമീപനമാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

