മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ ടൊവിനോ തോമസ് സിനിമകളുടെ ചിത്രീകരണത്തിനിടെ നേരിട്ട അപകടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു.
ഒരു അഭിമുഖത്തിൽ സംസാരിക്കവെ, ഷൂട്ടിംഗിനിടെ പൊള്ളലേറ്റതും ഇന്റേണൽ ഇഞ്ചുറി സംഭവിച്ചതും മൂലം ഐസിയുവിൽ കഴിയേണ്ടിവന്നതായും ടൊവിനോ വെളിപ്പെടുത്തി. കള ചിത്രീകരണത്തിനിടെയായിരുന്നു ഗുരുതര അപകടമുണ്ടായത്. തുടർന്ന് ഒരാഴ്ച ആശുപത്രിയിലും ഏകദേശം ഒരു മാസം കിടപ്പിലുമായി തുടരേണ്ടി വന്നു.
ആ വിശ്രമത്തിന് ശേഷമാണ് കാണെക്കാണെയിൽ അഭിനയിച്ചതെന്നും പിന്നീട് വീണ്ടും ‘കള’യുടെ സെറ്റിലേക്ക് മടങ്ങി ഫൈറ്റ് രംഗങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, നടികര്‍ തിലകം സിനിമയുടെ ഷൂട്ടിംഗിനിടെ മറ്റൊരു അപകടവും ഒഴിവായതായി ടൊവിനോ പറഞ്ഞു. ഒരു രംഗത്തിനിടെ മുറിയിലുള്ള വലിയ അക്വേറിയം പെട്ടെന്ന് പൊട്ടിപ്പോയി. നാല് ലെയറുകളുള്ള ഗ്ലാസ് തകർന്നുവീണെങ്കിലും, സമയോചിതമായ പ്രതികരണമാണ് രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
അക്വേറിയം പൊട്ടുന്ന ശബ്ദം കേട്ട് പെട്ടെന്ന് മാറിനിന്നതിലൂടെ വലിയ അപകടം ഒഴിവായി. എന്നിരുന്നാലും കാലിലും കൈകളിലും പരിക്കേറ്റതിനെ തുടർന്ന് വീണ്ടും ഏകദേശം ഒരു മാസം വിശ്രമിക്കേണ്ടിവന്നുവെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

