നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ നടനും കൊറിയോഗ്രാഫറുമായ അരവിന്ദ്, മലയാളികൾക്ക് ‘നന്ദനം’ എന്ന ചിത്രത്തിലെ ഗുരുവായൂരപ്പൻ കഥാപാത്രത്തിലൂടെയാണ് സുപരിചിതൻ. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് അരവിന്ദ് കാമുകിയായ ആർ.എസ്. സ്വാധിയെ വിവാഹം കഴിച്ചത്. അമ്പതാം വയസിലാണ് താരം വിവാഹിതനായത്.
കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാലംപൂരിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സംവിധായകൻ വെങ്കട്ട് പ്രഭു ഉൾപ്പെടെ സിനിമാരംഗത്തെ നിരവധി സുഹൃത്തുക്കൾ വിവാഹത്തിൽ പങ്കെടുത്തു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചെന്നൈ 600028 എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് കൂടുതൽ ശ്രദ്ധ നേടിയത്. ആ ചിത്രത്തിലെ സഹതാരങ്ങളും വിവാഹച്ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ സിനിമാരംഗത്തുനിന്നും ആരാധകരിൽ നിന്നുമെല്ലാം ആശംസകൾ ഒഴുകുകയാണ്.
നൃത്തസംവിധാന രംഗത്തൂടെയാണ് അരവിന്ദ് സിനിമയിലെത്തിയത്. നന്ദനം ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് ചെന്നൈ 600028, ഗോവ, മങ്കാത്ത, ഗോട്ട് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
വർഷങ്ങൾക്കുശേഷം പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തിയ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിൽ വീണ്ടും ഗുരുവായൂരപ്പനായി എത്തി അരവിന്ദ് പ്രേക്ഷക പ്രശംസ നേടി. അഭിനേതാവും കൊറിയോഗ്രാഫറുമായതോടൊപ്പം വിവിധ ഡാൻസ് റിയാലിറ്റി ഷോകളിലെ വിധികർത്താവായും അദ്ദേഹം ശ്രദ്ധേയനാണ്.

