തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഏറ്റവും പുതിയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചെലവ് 650 മുതൽ 750 കോടി രൂപ വരെ എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിനോടും കൂടെ ചെലവ് ഗണ്യമായി ഉയരുന്നതാണ് പ്രവണത.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചെലവിൽ വലിയ വർധനവാണ് ഉണ്ടായത്. 2011ൽ ഏകദേശം 85 കോടി രൂപയായിരുന്ന ചെലവ്, 2016ൽ 287 കോടിയാക്കി ഉയർന്നു. 2021ൽ ഇത് 511 കോടിയായി.
ഇത്തവണ ചെലവ് വൻ തോതിൽ ഉയരാൻ കാരണമായി സാങ്കേതിക സംവിധാനങ്ങളുടെ വ്യാപക ഉപയോഗം ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദ്യമായി സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ നിരീക്ഷണ സംവിധാനം നടപ്പാക്കി. ക്യൂ നിയന്ത്രണത്തിനും തത്സമയ അലർട്ടുകൾ നൽകുന്നതിനുമായി ഈ സംവിധാനങ്ങൾ ഉപയോഗിച്ചു.
സംസ്ഥാനത്തെ 30,495 പോളിംഗ് സ്റ്റേഷനുകളിലും തത്സമയ നിരീക്ഷണത്തിനായി വലിയ തുക ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് നടത്തിപ്പിൽ സാങ്കേതിക പുരോഗതികൾ വർധിച്ചതിനനുസരിച്ച് ചെലവും ഉയരുന്നുവെന്നതാണ് വിലയിരുത്തൽ.

