Home Keralaസിപിഐയുടെ പ്രാഥമിക വിലയിരുത്തൽ: ചില സിറ്റിംഗ് സീറ്റുകൾ നഷ്ടമാകാം; മന്ത്രിമാർക്ക് കടുത്ത മത്സരം

സിപിഐയുടെ പ്രാഥമിക വിലയിരുത്തൽ: ചില സിറ്റിംഗ് സീറ്റുകൾ നഷ്ടമാകാം; മന്ത്രിമാർക്ക് കടുത്ത മത്സരം

by news_desk1
0 comments

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സിപിഐ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ ചില സിറ്റിംഗ് മണ്ഡലങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് സൂചന. മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി പാർട്ടി വിലയിരുത്തി.

പീരുമേട്, തൃശ്ശൂർ, നാദാപുരം എന്നീ സിറ്റിംഗ് മണ്ഡലങ്ങൾ കൈവിടാൻ സാധ്യതയുണ്ടെന്നാണ് മണ്ഡലം കമ്മിറ്റികൾ നൽകിയ കണക്കുകൾ. പട്ടാമ്പി, അടൂർ മണ്ഡലങ്ങളിലും വിജയസാധ്യത കുറവാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, നെടുമങ്ങാട്, ചിറയിൻകീഴ്, പുനലൂർ, ചാത്തന്നൂർ, ചേർത്തല, വൈക്കം, കൈപ്പമംഗലം, കൊടുങ്ങല്ലൂർ, നാട്ടിക, കാഞ്ഞങ്ങാട് എന്നീ പത്ത് മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന നിലപാടിലാണ് സിപിഐ. ഒല്ലൂരും ചടയമംഗലവും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

മണ്ഡലം കമ്മിറ്റികൾ സമർപ്പിച്ച റിപ്പോർട്ടുകൾ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവ് യോഗവും വിശദമായി ചര്‍ച്ച ചെയ്യും.ഇതിനിടെ, എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജനങ്ങൾ എൽഡിഎഫിന് മൂന്നാം തവണയും അധികാരം നൽകുമെന്നുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.എസ്ഡിപിഐ വോട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും, ജനങ്ങളുടെ പിന്തുണയാണ് പാർട്ടിക്ക് പ്രധാനമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

You may also like