Home Keralaജഡ്ജി ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ; അഞ്ച് ജില്ലാ ജഡ്ജിമാർ പട്ടികയിൽ

ജഡ്ജി ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ; അഞ്ച് ജില്ലാ ജഡ്ജിമാർ പട്ടികയിൽ

by news_desk1
0 comments

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച ജഡ്ജി ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തു. ഹണി എം. വർഗീസിനൊപ്പം അഞ്ച് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെയാണ് ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.

ശുപാർശ സുപ്രീം കോടതി കൊളീജിയം പരിഗണിച്ചശേഷം കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറും. തുടർന്ന് രാഷ്ട്രപതിയാണ് അന്തിമ തീരുമാനം എടുക്കുക. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ശുപാർശകൾ തയ്യാറാക്കിയിരിക്കുന്നത്.

നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം. വർഗീസിനൊപ്പം തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ, പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹരികുമാർ, തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീർ എന്നിവരെയും ശുപാർശ ചെയ്തിട്ടുണ്ട്.

മുമ്പ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെ 2019-ൽ നടിയെ ആക്രമിച്ച കേസിന്റെ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചിരുന്നു. അതിജീവിതയുടെ ആവശ്യമനുസരിച്ച് വനിത ജഡ്ജിയെ നിയമിച്ചതായിരുന്നു.

വർഷങ്ങളോളം നീണ്ട വിചാരണയ്ക്ക് ശേഷം 2025 ഡിസംബർ 8-ന് കേസിൽ വിധി പ്രസ്താവിച്ചു. കേസിലെ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിക്കുകയും, എട്ടാം പ്രതി ഉൾപ്പെടെ നാല് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

You may also like