തിരുവനന്തപുരം: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ഗുരുതര ആരോപണം. സംഭവസമയത്ത് പ്രതികരിക്കാനോ സംസാരിക്കാനോ ശേഷിയില്ലായിരുന്നുവെന്ന് ഇരയായ യുവതി വെളിപ്പെടുത്തി.
വ്യാപാരി വ്യവസായി സംഘടനാ നേതാവായ സിനിൽ സവാദാണ് അതിക്രമം നടത്തിയതെന്നാണ് പരാതി. അപകടത്തിന് പിന്നാലെ രക്ഷപ്പെടുത്താനെന്ന വ്യാജേന വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മനപ്പൂർവ്വം ശരീരത്തിൽ സ്പർശിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും യുവതി പറഞ്ഞു. “അന്ന് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. അയാൾക്ക് വേണ്ടതെല്ലാം ചെയ്തു,” എന്നാണ് യുവതിയുടെ ആരോപണം.
സംഭവം ഡോക്ടർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് വിഷയമറിയാൻ കഴിഞ്ഞതെന്നും, പരാതി നൽകാതിരിക്കാൻ പ്രതിയും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തതായി യുവതി വ്യക്തമാക്കി.
പോലീസിനെതിരെയും യുവതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. രഹസ്യമൊഴി രേഖപ്പെടുത്താനോ വൈദ്യപരിശോധന നടത്താനോ പൊലീസ് തയ്യാറായില്ലെന്നും, പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും അവർ പറഞ്ഞു. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും യുവതി അറിയിച്ചു.
ഏപ്രിൽ നാലിന് അർധരാത്രി കായംകുളം കെപിഎസി ജംഗ്ഷനിൽ നടന്ന അപകടത്തിനിടെയാണ് സംഭവം. തീർത്ഥാടന യാത്ര കഴിഞ്ഞ് മടങ്ങിയിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ ഡിവൈഡറിൽ തട്ടി മറിഞ്ഞതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിനിടെ യുവതിക്കെതിരെ അതിക്രമം നടന്നതായാണ് പരാതി.
പ്രതിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും രക്ഷാപ്രവർത്തനത്തിനിടെ സംഭവിച്ചതാണെന്ന നിലപാടിലാണ് ഇയാൾ. കേസെടുത്തിട്ടുണ്ടെങ്കിലും മതിയായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നാണ് യുവതിയുടെ ആരോപണം.

