Home Keralaമതനേതാക്കൾക്കെതിരായ അധിക്ഷേപം അനുവദിക്കാനാവില്ല; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് പാലാ രൂപത ബിഷപ്പ്

മതനേതാക്കൾക്കെതിരായ അധിക്ഷേപം അനുവദിക്കാനാവില്ല; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് പാലാ രൂപത ബിഷപ്പ്

by news_desk1
0 comments

കോട്ടയം: മതനേതാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന അധിക്ഷേപങ്ങളും വിമർശനങ്ങളും വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്നും സഭയെതിരായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറുവിലങ്ങാട് ജയ്ഗിരി പള്ളിയിലെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്. മതമേലധ്യക്ഷന്മാരെ മാന്യതയുടെ അതിരുകൾ ലംഘിച്ച് പൊതുരംഗത്ത് വിമർശിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ഇത്തരം നീക്കങ്ങൾ വിശ്വാസികളുടെ ആത്മാഭിമാനത്തെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഭ എപ്പോഴും സത്യം തുറന്നു പറയുന്ന നിലപാടിലാണ്. ഭീഷണികൾക്കും സമ്മർദങ്ങൾക്കും മുന്നിൽ വഴങ്ങില്ലെന്നും സത്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് തുടരുമെന്നും ബിഷപ്പ് പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന സഭയെയും സത്യസന്ധമായ റിപ്പോർട്ടിംഗ് നടത്തുന്ന ‘ദീപിക’ പോലുള്ള മാധ്യമങ്ങളെയും ആക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതപുരോഹിതർ എല്ലായ്പ്പോഴും ന്യൂട്രൽ ആയിരിക്കണമെന്ന വാദം സഭയുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുത്താനിടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനിടെ, കാഞ്ഞിരപ്പള്ളി ബിഷപ്പ് യുഡിഎഫിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുവെന്ന ആരോപണവുമായി പി സി ജോർജ് രംഗത്തെത്തിയിരുന്നു. സഭയ്ക്ക് ഗുണം ലഭിച്ചത് താൻ നടത്തിയ ഇടപെടലുകളിലൂടെയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

അതേസമയം, ‘ദീപിക’ പത്രത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഷോൺ ജോർജ് ഉയർത്തിയ ആരോപണങ്ങളും വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പത്രം നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വാർത്തകൾ വളച്ചൊടിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

You may also like