Home Top Storiesഎഫ്‌സിആര്‍എ ഭേദഗതി ഭാവിയില്‍ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമാക്കാം; ആശങ്കയുമായി സിറോ മലബാര്‍ സഭ

എഫ്‌സിആര്‍എ ഭേദഗതി ഭാവിയില്‍ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമാക്കാം; ആശങ്കയുമായി സിറോ മലബാര്‍ സഭ

by news_desk1
0 comments

കൊച്ചി: എഫ്‌സിആര്‍എ ഭേദഗതി നിയമം ഭാവിയില്‍ ക്രൈസ്തവ സമൂഹത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭ. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടുന്ന ശബ്ദങ്ങളെ നിര്‍വീര്യമാക്കുകയും ദുരാരോപണങ്ങള്‍ ഉയര്‍ത്തി സഭകളെ നിശബ്ദരാക്കുകയും ചെയ്യാനുള്ള അജണ്ടയാണ് ഇതിന് പിന്നിലെന്നും സഭയുടെ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് ആരോപിച്ചു.

വിദേശ സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ 2010ലെ എഫ്‌സിആര്‍എ നിയമപ്രകാരം ഓരോ വര്‍ഷവും ഡിസംബര്‍ 31നകം വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ നടപടികള്‍ നിലനില്‍ക്കെ കണക്ക് ചോദിച്ചതിനാലാണ് പ്രതിഷേധമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റായതാണെന്നും രാഷ്ട്രീയ ഉദ്ദേശ്യങ്ങളോടെയുള്ള കുപ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശ സഹായം സ്വീകരിക്കുന്നത് ക്രൈസ്തവര്‍ മാത്രം അല്ലെന്നും, ചില സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ സഭയുമായി ബന്ധിപ്പിക്കുന്നത് നീതിയില്ലാത്തതാണെന്നും ഫാ. ടോം ഓലിക്കരോട്ട് വ്യക്തമാക്കി. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും കണ്ടാണ് സഭ പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, എഫ്‌സിആര്‍എ നിയമഭേദഗതി പാവപ്പെട്ടവര്‍ക്ക് സേവനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രജിസ്‌ട്രേഷന്‍ പുതുക്കാതിരുന്നാല്‍ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ അധികാരികളുടെ നിയന്ത്രണത്തിലേക്ക് പോകുകയും പ്രവര്‍ത്തനം നിലച്ചുപോകുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്ന് എഫ്‌സിആര്‍എ വിദഗ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ജോണി പള്ളിവാതുക്കല്‍ പറഞ്ഞു.

രജിസ്‌ട്രേഷന്‍ റിന്യുവല്‍ നടപടികളില്‍ വ്യക്തതക്കുറവും അപ്പീല്‍ സംവിധാനങ്ങളുടെ അഭാവവും നിയമത്തിലെ ഗുരുതരമായ പ്രശ്നങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ സഹായം ആശ്രയിക്കുന്ന നിരവധി സാമൂഹിക-മത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കാമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

You may also like