ന്യൂഡൽഹി: പാർലമെന്റിൽ വിളിച്ചുകൂട്ടാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. വനിതാ സംവരണ ബിൽ അല്ല, മണ്ഡല പുനർനിർണയമാണ് യഥാർത്ഥ വിവാദ വിഷയമെന്നും അത് ഭരണഘടനാ മൂല്യങ്ങൾക്ക് ഭീഷണിയാകാമെന്നും സോണിയ ആരോപിച്ചു.
ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ വിമർശിച്ചത്. ലോക്സഭയിലെ അംഗസംഖ്യ വർധിപ്പിക്കൽ കണക്കുകളിലൂടെ അല്ല, രാഷ്ട്രീയ പരിഗണനകളിലൂടെ മുന്നോട്ട് പോകുന്നതായാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ജാതി സെൻസസ് വൈകിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യഥാർത്ഥ ലക്ഷ്യമെന്നും സോണിയ ഗാന്ധി ആരോപിച്ചു. 2021-ൽ നടത്തേണ്ടിയിരുന്ന സെൻസസ് മനഃപൂർവ്വം വൈകിച്ചതോടെ കോടിക്കണക്കിന് ആളുകൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടുവെന്നും അവർ വ്യക്തമാക്കി.
പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടിയതിലൂടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുന്നതാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്നും സോണിയ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് ഈ തിടുക്കമെന്നും അവർ ആരോപിച്ചു.
2023-ലെ പ്രത്യേക സമ്മേളനത്തിൽ ഐക്യകണ്ഠേന പാസാക്കിയ നാരി ശക്തി വന്ദൻ നിയമം, സെൻസസും തുടർന്ന് മണ്ഡല പുനർനിർണയവും പൂർത്തിയാക്കിയതിന് ശേഷമേ പ്രാബല്യത്തിൽ വരൂവെന്ന് സോണിയ ഗാന്ധി ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ 2029 മുതൽ വനിതാ സംവരണം നടപ്പാക്കുമെന്ന സൂചനകളാണ് ലഭിക്കുന്നതെന്നും ഇത് സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
സർക്കാരിന്റെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 29-ന് ശേഷം സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിട്ടും അത് നിരാകരിച്ചതായും സോണിയ വിമർശിച്ചു. തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്ന പ്രവണതയാണ് കേന്ദ്രസർക്കാരിൽ കാണുന്നതെന്നും അവർ ആരോപിച്ചു.

