ന്യൂയോർക്ക്/തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെച്ചൊല്ലി കടൽ കടന്ന് അമേരിക്കയിലെ പ്രവചന വിപണികളിലും കോടികളുടെ പന്തയക്കളി. ന്യൂയോർക്ക് ആസ്ഥാനമായ പ്രശസ്ത ബെറ്റിംഗ് പ്ലാറ്റ്ഫോമായ ‘പോളിമാർക്കറ്റിലാണ്’ കേരളത്തിലെ ഭരണമാറ്റത്തെയും തുടർച്ചയെയും കുറിച്ച് വൻതോതിൽ പണം നിക്ഷേപിക്കപ്പെടുന്നത്. വോട്ടെടുപ്പ് ദിവസം രാവിലെ വരെ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം നൽകിയിരുന്ന വിപണിയിൽ, ഉച്ചയോടെ എൽഡിഎഫിന്റെ വിജയസാധ്യത 80 ശതമാനത്തിലേക്ക് കുതിച്ചുയരുന്ന നാടകീയമായ മാറ്റമാണ് ദൃശ്യമായത്.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലടക്കം കൃത്യമായ പ്രവചനങ്ങൾ നടത്തി ലോകശ്രദ്ധ നേടിയ പ്ലാറ്റ്ഫോമാണ് പോളിമാർക്കറ്റ്. ക്രിപ്റ്റോ കറൻസിയിലൂടെ പ്രശസ്തനായ ഷെയ്ൻ കോപ്ലാൻ സ്ഥാപിച്ച ഈ സൈറ്റിൽ പ്രമുഖ അമേരിക്കൻ വ്യവസായികൾക്കും നിക്ഷേപമുണ്ട്. ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് പുരോഗമിക്കവെയാണ് യുഡിഎഫിന്റെ ഗ്രാഫ് താഴേക്ക് പതിക്കുകയും ഇടതുമുന്നണിയുടെ സാധ്യതകൾ വർധിക്കുകയും ചെയ്തത്. ഓൺലൈൻ ടെക്നോളജി പോർട്ടലുകൾ റിപ്പോർട്ട് ചെയ്ത ഈ ‘ട്വിസ്റ്റ്’ പ്രവാസി മലയാളികൾക്കിടയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.
വിദേശ നിക്ഷേപകരുടെ ഊഹാപോഹങ്ങളാണോ അതോ വോട്ടെടുപ്പ് ദിനത്തിലെ താഴേത്തട്ടിലുള്ള യഥാർത്ഥ വികാരമാണോ ഈ മാറ്റത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഇത്തരം ബെറ്റിംഗ് സൈറ്റുകൾ നിയമപരമായ വെല്ലുവിളികളും കൃത്രിമത്വ ആരോപണങ്ങളും നേരിടുന്നുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്ന ഘടകമായി ഇവ മാറിയിട്ടുണ്ട്. മെയ് നാലിന് ഔദ്യോഗിക ഫലം പുറത്തുവരുമ്പോൾ മാത്രമേ മൻഹാട്ടനിലെ ഈ പന്തയക്കളി എത്രത്തോളം ശരിയാണെന്ന് വ്യക്തമാകൂ. നിലവിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർക്കിടയിൽ ഈ പ്രവചനം വലിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

