തിരുവനന്തപുരം: വിഴിഞ്ഞത്ത് സുഹൃത്തിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ പ്രതികളെ പോലീസ് പിടികൂടിയത് അതിസാഹസികമായി. വണ്ടിത്തടം സ്വദേശി സുമനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അച്ചു, അനന്തു എന്നിവരെ ഇന്ന് പുലർച്ചെ രണ്ടരയോടെ പോലീസ് വാഹനം കൊണ്ട് ബൈക്ക് ഇടിച്ചിട്ടാണ് പിടികൂടിയത്. സുമനെ കൊലപ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് പ്രതികൾ ആക്രമിച്ചതെന്ന് പോലീസ് തയാറാക്കിയ പ്രഥമവിവര റിപ്പോർട്ടിൽ (എഫ്.ഐ.ആർ) വ്യക്തമാക്കുന്നു.
സുമനെ അടിച്ച് റോഡിൽ വീഴ്ത്തിയ ശേഷം നെഞ്ചിലും മുഖത്തും ക്രൂരമായി ഇടിക്കുകയും കഴുത്തിലും നെഞ്ചിലും പലതവണ ചവിട്ടുകയും ചെയ്താണ് കൊലപ്പെടുത്തിയത്. വിഴിഞ്ഞത്തെ ബാറിൽ വെച്ച് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിച്ചതാണ് സുമനെതിരെയുള്ള അക്രമത്തിന് കാരണമായത്. ബാറിനുള്ളിൽ തുടങ്ങിയ മർദനം പിന്നീട് റോഡിലേക്കും നീണ്ടു. സുമൻ ക്രൂരമർദനത്തിന് ഇരയാകുന്ന ദൃശ്യങ്ങൾ ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്താണ് മൊബൈൽ ഫോണിൽ പകർത്തിയത്. കൊലപാതകത്തിന് ശേഷം ഈ സുഹൃത്ത് സ്ഥലത്തുനിന്നും വാഹനമെടുത്ത് പോവുകയായിരുന്നു.
അവശനിലയിലായ സുമനെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞെങ്കിലും അക്രമത്തിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത് അന്വേഷണത്തിൽ നിർണായകമായി. വഴിപോക്കനായ കാർ യാത്രക്കാരനാണ് സുമനെ ആശുപത്രിയിലെത്തിച്ചത്. ബാറിലുണ്ടായിരുന്നവരും നാട്ടുകാരും നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരകൃത്യം അരങ്ങേറിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

