Home Keralaമണ്ഡല പുനർനിർണയം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി

മണ്ഡല പുനർനിർണയം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി

by news_desk
0 comments

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ കേവലം ഒരു ഭരണപരിഷ്‌കാരമായി കാണാനാവില്ലെന്നും ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനങ്ങളുമായി സമവായത്തിലെത്താതെ ഇത്തരം നിർണായക വിഷയങ്ങളിൽ കേന്ദ്രം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നത് ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്‌സഭാ സീറ്റുകളാക്കി മാറ്റി അധികാരം ഉറപ്പിക്കാനുള്ള ശ്രമമാണിതെന്ന സംശയം വ്യാപകമാണ്. ജനസംഖ്യാ നിയന്ത്രണം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ മികച്ച മുന്നേറ്റം നടത്തിയ കേരളം പോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന നടപടിയാണിത്. സ്വാതന്ത്ര്യാനന്തരം കേന്ദ്ര സർക്കാർ തന്നെ പ്രോത്സാഹിപ്പിച്ച കുടുംബാസൂത്രണ നയങ്ങൾ നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ പ്രാതിനിധ്യം കുറയുന്നതും, നിയന്ത്രണത്തിൽ വീഴ്ച വരുത്തിയവർക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്നതും ഇരട്ടനീതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ സംവരണം പോലുള്ള സാമൂഹിക നീതിയുടെ വിഷയങ്ങളെ ഇതിനായി മറയാക്കുന്നത് സ്വാർത്ഥ രാഷ്ട്രീയ ലാഭത്തിനാണ്. സ്ത്രീകൾക്ക് രാഷ്ട്രീയ പ്രതിനിധാനം ഉറപ്പാക്കേണ്ടത് അനിവാര്യമാണെങ്കിലും അതിന്റെ മറവിൽ സംസ്ഥാനങ്ങളുടെ തുല്യതയും നീതിയും നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനമാണ്. ജനാധിപത്യം എന്നത് കേവലം ഭൂരിപക്ഷത്തിന്റെ സാങ്കേതികത്വം മാത്രമല്ലെന്നും, അത് നീതിയുടെയും സമതുലിതമായ പ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനിൽക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

You may also like