ന്യൂഡൽഹി: സ്ത്രീ ശാക്തീകരണത്തിനായി രാജ്യം ഇന്ന് ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്നത് രാഷ്ട്രത്തിന്റെ ബഹുമതിയാണെന്നും വനിതാ സംവരണ കാര്യത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനായി മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനമാണ് പാർലമെന്റിൽ നടക്കുന്നത്.
എന്നാൽ, വനിതാ സംവരണ ബില്ലിന്റെ ഭാഗമായി ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. മണ്ഡല പുനർനിർണ്ണയത്തിലൂടെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭാ പ്രാതിനിധ്യം കുറയ്ക്കാൻ ഇടയാക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പുതിയ ഭേദഗതികളില്ലാതെ നിലവിലെ രീതിയിൽ തന്നെ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.
മണ്ഡല പുനർനിർണ്ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും, പ്രതിപക്ഷം നിലപാടിൽ ഉറച്ചുനിൽക്കുന്നത് ബിൽ പാസാക്കുന്നതിൽ സർക്കാരിന് വെല്ലുവിളിയാകും. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണമെങ്കിൽ പ്രതിപക്ഷത്തിന്റെ പിന്തുണ അനിവാര്യമാണ്. മണ്ഡല പുനർനിർണ്ണയം ഒഴിവാക്കി സംവരണം നടപ്പിലാക്കാനുള്ള ബദൽ നിർദ്ദേശങ്ങൾ ചർച്ചയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

