Home Top Storiesവിഴിഞ്ഞത്ത് യുവാവ് മർദനമേറ്റ് മരിച്ചു: സുഹൃത്തുക്കളായ സഹോദരങ്ങൾ അറസ്റ്റിൽ

വിഴിഞ്ഞത്ത് യുവാവ് മർദനമേറ്റ് മരിച്ചു: സുഹൃത്തുക്കളായ സഹോദരങ്ങൾ അറസ്റ്റിൽ

by news_desk
0 comments

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ അനന്തു, അച്ചു എന്നീ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. വിഴിഞ്ഞത്തെ ബാറിൽ വെച്ച് പ്രതികളായ സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി ഇടപെട്ട സുമനെ പ്രതികൾ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നു. ബാറിനുള്ളിൽ ആരംഭിച്ച സംഘർഷം പിന്നീട് റോഡിലേക്കും നീണ്ടു. റോഡിലിട്ട് സുമനെ പ്രതികൾ അതിക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്തു. ബാറിലുണ്ടായിരുന്നവരും നാട്ടുകാരും നോക്കിനിൽക്കെയായിരുന്നു അക്രമം.

മർദനമേറ്റ് അവശനായി റോഡിൽ കിടന്ന സുമനെ ഉപേക്ഷിച്ച് പ്രതികൾ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. പിന്നീട് ആ വഴി വന്ന കാർ യാത്രക്കാരനാണ് സുമനെ വിഴിഞ്ഞത്തെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പോലീസിന് ലഭ്യമായിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു.

You may also like