തൃശൂർ: കാലത്തിന്റെ ചരിത്രസാക്ഷിയായി നൂറ്റാണ്ടുകളായി തലയുയർത്തി തണൽപകർന്നും നിഴൽപകർന്നും നിന്നിരുന്ന വടക്കുന്നാഥ മൈതാനത്തെ നായ്ക്കനാൽ ആൽമരം പൂർണ്ണമായും നിർജ്ജീവമായതിനെത്തുടർന്ന് മുറിച്ചുനീക്കുന്നു. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ ആചാരപരമായ കൊടിനാട്ടുന്ന തട്ടകങ്ങളിലൊന്നായ ഈ ആൽമരത്തിന്റെ വിടവാങ്ങൽ പൂരപ്രേമികൾക്കും തൃശൂരിനെ അറിയുന്നവർക്കും നൊമ്പരമേകുന്നതാണ്. വർഷങ്ങളായി ശോചനീയാവസ്ഥയിലായിരുന്ന ആൽമരത്തിന്റെ അപകടസാധ്യത കണക്കിലെടുത്ത് രണ്ട് വർഷം മുൻപ് കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. മരത്തിന് ജീവൻ വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും പ്രായത്തിന്റെ തളർച്ചയെ അതിജീവിക്കാൻ പ്രകൃതിയുടെ ആ പ്രതിനിധിക്ക് കഴിഞ്ഞില്ല.
ഒടുവിൽ മരം പൂർണ്ണമായും ഉണങ്ങിയതോടെയാണ് സുരക്ഷ മുൻനിർത്തി മുറിച്ചുനീക്കാൻ തീരുമാനിച്ചത്. നായ്ക്കാനാൽ ആലിന്റെ പ്രായം കൃത്യമായി നിർണ്ണയിക്കുക പ്രയാസമാണ്. തലമുറകളായി പൂരപ്രേമികൾക്കും കാൽനടയാത്രക്കാർക്കും തണലേകിയ ഈ മരം, തിരുവമ്പാടി ദേവസ്വത്തിന്റെ ആചാരപ്രധാനമായ ഒരു കേന്ദ്രം കൂടിയാണ്. ക്ഷേത്രങ്ങളിലെ കൊടിയേറ്റിനൊപ്പം വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ നായ്ക്കനാലിൽ തിരുവമ്പാടി ദേവസ്വവും മണികണ്ഠനാലിലും നടുവിലാലിലും പാറമേക്കാവ് ദേവസ്വവും കൊടിനാട്ടിയാലേ കൊടിയേറ്റ് പൂർണമാകൂ. തിരുവമ്പാടി വിഭാഗം ആചാരപരമായി കൊടിനാട്ടുന്ന ഇടങ്ങളിൽ ഒന്നാണ് നായ്ക്കാനാൽ ആൽത്തറ. പൂരവിളംബരത്തിൻ്റെയും മേളത്തിൻ്റെയും പ്രകമ്പനമേറ്റുവാങ്ങിയ ഈ മരം മുറിച്ചുമാറ്റുന്നത് പൂരപ്രേമികളിൽ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനുമതിയോടെ തിരുവമ്പാടി ദേവസ്വമാണ് ആൽമരം മുറിച്ചുമാറ്റുന്നത്. ആൽമരം നീക്കം ചെയ്യുന്നതിന് മുന്നോടിയായി ശ്രീ വടക്കുന്നാഥ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് ‘അനുജ്ഞാ പ്രാർഥന’ നടത്തി മനുഷ്യനെ സംസ്കരിക്കുന്നതിന് സമാനമായ ചടങ്ങുകളും പൂർത്തിയാക്കിയാണ് മരം മുറിച്ചു നീക്കിയത്. പഴയ മരം പടിയിറങ്ങുമ്പോൾ ആ സ്ഥാനത്ത് പുതിയൊരു ആൽമരത്തൈ നടാനുള്ള ഒരുക്കങ്ങൾ തിരുവമ്പാടി ദേവസ്വം പൂർത്തിയാക്കി. വരാനിരിക്കുന്ന തലമുറകൾക്കും പൂരക്കാലങ്ങൾക്കും സാക്ഷിയാകാൻ പുതിയൊരു ആൽമരം അവിടെ പടർന്നുപന്തലിക്കും. എങ്കിലും, തൃശൂരിന്റെ വളർച്ചയ്ക്കും മാറുന്ന കാലത്തിനും ഒരു മൂകസാക്ഷിയായി നിലകൊണ്ട ആ പഴയ വടവൃക്ഷം തൃശൂരിന്റെ ഓർമകളിൽ നിന്നും അത്രയെളുപ്പം മായില്ലെന്ന് ഉറപ്പ്.

