Home Nationalവനിതാ സംവരണ ബിൽ ലോക്‌സഭയിൽ; സീറ്റുകൾ 850 ആക്കാനുള്ള നീക്കത്തെ എതിർക്കാൻ പ്രതിപക്ഷം

വനിതാ സംവരണ ബിൽ ലോക്‌സഭയിൽ; സീറ്റുകൾ 850 ആക്കാനുള്ള നീക്കത്തെ എതിർക്കാൻ പ്രതിപക്ഷം

by news_desk
0 comments

ന്യൂഡൽഹി: ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള വിവാദ ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി അർജുൻ റാം മെഗ്‌വാൾ അവതരിപ്പിക്കുന്ന ബില്ലിന്മേൽ ഇന്നും നാളെയുമായി 18 മണിക്കൂർ നീളുന്ന ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്തി അധികാരം പിടിച്ചെടുക്കാനുള്ള കേന്ദ്ര നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

2011-ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കാനാണ് ബില്ലിലെ വ്യവസ്ഥ. ഇതിൽ 33 ശതമാനം (283 സീറ്റുകൾ) വനിതകൾക്കായി സംവരണം ചെയ്യും. സംസ്ഥാനങ്ങൾക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 സീറ്റുകളുമാണ് പുതിയ ബില്ലിൽ വിഭാവനം ചെയ്യുന്നത്. എന്നാൽ മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തമിഴ്നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാത്ത നീക്കത്തിൽ പ്രതിഷേധിച്ച് ഡിഎംകെ എംപിമാർ ഇന്ന് കറുത്ത വസ്ത്രം ധരിച്ചാകും പാർലമെന്റിലെത്തുക. തമിഴ്നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഭരണഘടനാ ഭേദഗതി പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ലോക്‌സഭയിൽ 360 പേരുടെയും രാജ്യസഭയിൽ 163 പേരുടെയും പിന്തുണ ബില്ലിന് ആവശ്യമാണ്. എൻഡിഎ സഖ്യത്തിന് നിലവിൽ ഇരുസഭകളിലും ഈ ഭൂരിപക്ഷമില്ലാത്തതിനാൽ പ്രതിപക്ഷത്തിന്റെ നിലപാട് നിർണായകമാകും. മണ്ഡല പുനർനിർണയത്തിലൂടെ അധികാരം ഉറപ്പിക്കാനുള്ള കുറുക്കുവഴിയാണിതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിമർശിച്ചു. വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും കേന്ദ്ര ഭരണ നിയമ ഭേദഗതി ബില്ലും സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

You may also like