Home Top Storiesലൈംഗിക പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ലൈംഗിക പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

by news_desk
0 comments

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയാണ് അപേക്ഷ നിരസിച്ചത്. കേസിലെ അതിജീവിത കഴിഞ്ഞ ദിവസം കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നിർണ്ണായക നടപടി.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രശോഭ് ഒളിവിൽ പോവുകയായിരുന്നു. അന്വേഷണം ഊർജ്ജിതമായി തുടരുന്നതിനിടെയാണ് അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. താൻ നിരപരാധിയാണെന്നും അന്വേഷണത്തോട് സഹകരിക്കാമെന്നുമായിരുന്നു പ്രശോഭ് കോടതിയിൽ അറിയിച്ചിരുന്നത്.

അതേസമയം, കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട്ടെ ഒരു പ്രമുഖ ജനപ്രതിനിധിയുടെ സംരക്ഷണം പ്രതിക്ക് ലഭിക്കുന്നുണ്ടെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ ഉടൻ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്.

You may also like