വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള പത്തുദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നു. കരാറുമായി സഹകരിക്കുമെന്ന് ഹിസ്ബുള്ള അറിയിച്ചു. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. താൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ലെബനൻ പ്രസിഡന്റ് ജോസഫ് ഓണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും നടത്തിയ ചർച്ചകൾ വിജയകരമായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ഒമ്പത് യുദ്ധങ്ങൾ ഇതിനോടകം പരിഹരിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നും ഇത് പത്താമത്തേതാണെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് കുറിച്ചു. സമാധാന ഉടമ്പടി ഉറപ്പാക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർക്ക് നിർദ്ദേശം നൽകിയിരുന്നു. 34 വർഷത്തിന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തിയത്. അതേസമയം, വെടിനിർത്തൽ നിലവിൽ വന്ന ആദ്യ മണിക്കൂറുകളിൽ തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്.
യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാൻ ഇറാനുമായി ഉടൻ കരാറിലെത്തുമെന്നും ട്രംപ് അറിയിച്ചു. ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായും സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ധാരണയായതായും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള നിലവിലെ വെടിനിർത്തൽ ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെ, ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച നിർണ്ണായക ചർച്ചകൾ നടക്കും. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ ആക്രമണം തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

