മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങളുമായി ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് എത്തിച്ചു.
രാവിലെ ഒൻപത് മണിയോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം ആരംഭിക്കും. ഏകദേശം ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി സംസ്കാര ചടങ്ങുകൾ നടത്തും.
പ്രധാനാധ്യാപിക പി. അജിതയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി പിന്നീട് ഷോർണൂരിൽ സംസ്കാരം നടത്തും. അധ്യാപിക റംലത്തിന്റെ സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അധ്യാപിക സുഹറയുടെയും മകൻ ഹിഷാമിന്റെയും സംസ്കാരം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അധ്യാപിക ആശയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്കാരം നടത്തും.
അധ്യാപകൻ അബ്ദുൽ മജീദും ഭാര്യ റുഖിയയും മാട്ടാത്ത് ഖബർസ്ഥാനിൽ സംസ്കരിക്കും. സ്കൂൾ പാചകത്തൊഴിലാളി സാജിതയുടെയും അധ്യാപിക ഷക്കീനയുടെയും സംസ്കാരവും പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഇന്നലെ വൈകിട്ട് 5.15 ഓടെ വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട വാൻ ഏകദേശം 500 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. പലവട്ടം കീഴ്മേൽ മറിഞ്ഞ വാഹനം ഒൻപതാം വളവിലേക്കാണ് വീണത്.
അപകടത്തിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. വാഹനത്തിൽ 13 പേരുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ കോയമ്പത്തൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയായ അധ്യാപിക ഷക്കീന മരിച്ച വിവരം കുട്ടിയെ ഇതുവരെ അറിയിച്ചിട്ടില്ല. ദുരന്തത്തിൽ ദുഃഖം നിറഞ്ഞിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.

