ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു മുന്നേറ്റമായി 2023-ൽ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ഭരണഘടന ഭേദഗതി ബിൽ അംഗീകരിക്കപ്പെട്ടിരുന്നു. ഭരണ-പ്രതിപക്ഷ ഏകകണ്ഠ പിന്തുണയോടെ പാസായ ആ നിയമം സ്ത്രീശാക്തീകരണത്തിനുള്ള വലിയ ചുവടുവെയ്പായി സ്വാഗതം ചെയ്യപ്പെട്ടതും സത്യമാണ്. എന്നാൽ, അതിന്റെ പ്രാബല്യം മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഇപ്പോൾ ഗൗരവമായ സംശയങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുകയാണ്. സ്ത്രീകൾക്ക് രാഷ്ട്രീയ പ്രതിനിധിത്വം ഉറപ്പാക്കുക എന്നത് കാലത്തിന്റെ ആവശ്യമാണ്. എന്നാൽ അതിനെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തോട് ചേർത്ത് നടപ്പിലാക്കുമ്പോൾ ഉയരുന്ന രാഷ്ട്രീയ പ്രതിഫലനങ്ങൾ അവഗണിക്കാനാവില്ല. പ്രത്യേകിച്ച് ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിലെത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ് ഇത് അനുപാതാതീതമായ ബാധ്യതയായി മാറാൻ സാധ്യത.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറയുന്ന തരത്തിലുള്ള പുനർവിന്യാസം ഫെഡറൽ ആത്മാവിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മണ്ഡല പുനർനിർണയം എന്നത് സാങ്കേതികമായ ഒരു ഭരണപരിഷ്കാരമാത്രമല്ല; അത് രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ തന്നെ പുനർരൂപപ്പെടുത്തുന്ന പ്രക്രിയയാണ്. അത്തരമൊരു നിർണായക ഘട്ടത്തിൽ വ്യക്തതയില്ലാത്ത വ്യവസ്ഥകളും, കണക്കുകൾക്കുറവുമുള്ള സമീപനം ആശങ്കാജനകമാണ്. ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ വർദ്ധന എത്രത്തോളം, എന്ത് മാനദണ്ഡത്തിൽ എന്നതിൽ വ്യക്തത ഇല്ലാത്തത് തന്നെ ഈ ബില്ലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. സ്ത്രീശാക്തീകരണം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി മാത്രം ചുരുങ്ങരുത്. അത് പ്രായോഗികമായി നടപ്പിലാക്കേണ്ട സാമൂഹിക ഉത്തരവാദിത്തമാണ്. എന്നാൽ, വരുന്ന തിരഞ്ഞെടുപ്പുകളെ മുൻനിർത്തി സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനുള്ള ആയുധമായി ഈ നിയമം ഉപയോഗിക്കപ്പെടുന്നുവെന്ന വിമർശനം ഉയരുന്നത് യാദൃശ്ചികമല്ല. മുൻകാലങ്ങളിൽ നടപ്പിലാക്കാവുന്ന ഘട്ടങ്ങളിൽ ഇത് വൈകിപ്പിച്ചതും ഇപ്പോഴത്തെ ആവേശപരമായ മുന്നേറ്റവും തമ്മിലുള്ള വിരോധാഭാസം സ്വാഭാവികമായി ചോദ്യങ്ങൾ ഉയർത്തുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടരുമ്പോൾ, അവയിൽ തക്ക സമയത്ത് ശക്തമായ ഇടപെടൽ കാണിക്കാത്ത ഭരണകൂടം,
ഇന്ന് സ്ത്രീശാക്തീകരണത്തിന്റെ മുഖമുദ്രയായി സ്വയം അവതരിപ്പിക്കുന്നത് വിശ്വാസ്യതയെ ബാധിക്കുന്നു. വാക്കുകളും പ്രവൃത്തിയും തമ്മിലുള്ള അന്തരം ജനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. സംവരണം ആരും എതിർക്കുന്നില്ല. പക്ഷേ, അതിന്റെ പേരിൽ രാഷ്ട്രീയ കണക്ക് കൂട്ടൽ അംഗീകരിക്കാനാവില്ല. ഫെഡറൽ തത്വങ്ങൾ മാനിച്ച്, എല്ലാ സംസ്ഥാനങ്ങളുടെയും ആശങ്കകൾ പരിഗണിച്ച്, സുതാര്യമായ രീതിയിൽ മണ്ഡല പുനർനിർണയം നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ, സ്ത്രീകളുടെ അവകാശത്തിനായി കൊണ്ടുവന്ന നിയമം തന്നെ രാഷ്ട്രീയ വിവാദങ്ങളുടെ ഇരയാകുന്ന സാഹചര്യം ഉണ്ടാകും. ജനാധിപത്യത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. ആ വിശ്വാസം നിലനിർത്താൻ, ഇത്തരം നിർണായക തീരുമാനങ്ങളിൽ വ്യക്തതയും സുതാര്യതയും നീതിയുമാണ് കേന്ദ്രസർക്കാർ മുൻനിർത്തേണ്ടത്. അല്ലാത്തപക്ഷം, നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച നീക്കങ്ങൾ പോലും കാലത്തിന്റെ കോടതിയിൽ സംശയത്തിന്റെ നിഴലിൽ തന്നെ നിൽക്കും.

