കൊച്ചി: സബ്-കമ്പാക്റ്റ് എസ്‌യുവി ശ്രേണിയിൽ പുതുമയാർന്ന അപ്‌ഡേറ്റുകളുമായി 2026 മോഡൽ കിയ സിറോസ് പുറത്തിറക്കി. പുതിയ മോഡൽ 8.39 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ലഭ്യമാകുന്നതാണ് പ്രധാന ആകർഷണം.
പുതുക്കിയ സ്റ്റൈലിംഗ്, കൂടുതൽ സവിശേഷതകൾ, പുതുക്കിയ ട്രിം ലൈനപ്പ് എന്നിവയാണ് 2026 സിറോസിന്റെ പ്രധാന മാറ്റങ്ങൾ. HTE, HTE (O), HTK+ (O), HTX (O) എന്നീ നാല് പുതിയ ട്രിംമുകളിലാണ് ഇപ്പോൾ വാഹനം ലഭ്യമാകുന്നത്. മുമ്പുണ്ടായിരുന്ന HTK, HTX+, HTX+ (O) ട്രിംമുകൾ കമ്പനി നിർത്തലാക്കി.
ഡിസൈൻ ഭാഗത്ത് മുൻവശത്തും പിൻവശത്തും പുതുക്കിയ ബമ്പറുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, നിയോൺ ബ്രേക്ക് കാലിപ്പറുകളോട് കൂടിയ 17 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ, ഹൈ മൗണ്ട് സ്റ്റോപ്പ് ലൈറ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കറുത്ത റൂഫ് റെയിലുകൾ, ഒആർവിഎമ്മുകൾ, സ്കിഡ് പ്ലേറ്റുകൾ എന്നിവ വാഹനത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. മാഗ്മ റെഡ്, ഐവറി സിൽവർ ഗ്ലോസ്, ഐവറി സിൽവർ മാറ്റ് എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകളും അവതരിപ്പിച്ചു.
എഞ്ചിൻ വിഭാഗത്തിൽ മാറ്റമില്ല. 120 ബിഎച്ച്പി ശേഷിയുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 116 ബിഎച്ച്പി ശേഷിയുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ലഭ്യമാകുന്നത്. 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡി.സി.ടി, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഉണ്ട്.
ഉപഭോക്തൃ ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ അപ്‌ഡേറ്റുകൾ കൊണ്ടുവന്നതെന്നും പുതുക്കിയ ഫീച്ചറുകളും ട്രിംമുകളും മികച്ച മൂല്യം നൽകുമെന്നും കമ്പനി അറിയിച്ചു.

