Home Top Storiesമുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം: ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരം; മരണസംഖ്യ 14 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം: ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരം; മരണസംഖ്യ 14 ആയി

by news_desk1
0 comments

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. സതീഷ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. തൃശൂർ മെഡിക്കൽ കോളേജിൽ സതീഷ് ഉൾപ്പെടെ നാല് പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വിഷ്ണു, ഉണ്ണികൃഷ്ണൻ, രാകേഷ് എന്നിവരാണ് മറ്റ് ഗുരുതരാവസ്ഥയിലുള്ളവർ. ഇവരിൽ വിഷ്ണുവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് വിവരം.

പരിക്കേറ്റ മറ്റൊരു ആറുപേരുടെ നില തൃപ്തികരമാണ്. ഇവരെ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരെ ഡിസ്ചാർജ് ചെയ്യാനാകുമെന്നാണ് സൂചന.

ഇതിനിടെ, ദുരന്തത്തിന് പിന്നാലെയും തൃശൂർ പൂരം നടത്തണമെന്ന നിലപാട് പാറമേക്കാവ് ദേവസ്വം ആവർത്തിച്ചു. ജനങ്ങളുടെ വികാരം പൂരം നടത്തുക എന്നതാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെങ്കിലും പ്രധാന വെടിക്കെട്ട് നടത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ എടുത്ത കേസ് തെറ്റായ നടപടിയാണെന്നും അത് പിൻവലിക്കണമെന്നും ജി. രാജേഷ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 21ന് ഉച്ചയ്ക്ക് മൂന്നോടെ തിരുവമ്പാടി വെടിക്കെട്ടുപുരയിൽ ഉണ്ടായ സ്ഫോടനത്തിലാണ് ദുരന്തം ഉണ്ടായത്. സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമായി സൂക്ഷിച്ചിരുന്ന കരിമരുന്ന് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ ആദ്യം 13 പേർ മരിച്ചിരുന്നു. പിന്നീട് ചികിത്സയിലായിരുന്ന പ്രവീൺ മരണപ്പെട്ടതോടെ മരണസംഖ്യ 14 ആയി ഉയർന്നു.

You may also like