കോതമംഗലം: കനത്ത വേനൽച്ചൂടിൽ ദാഹജലത്തിനായി ബുദ്ധിമുട്ടുന്ന പക്ഷികൾക്ക് ആശ്വാസമായി തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ജലപാത്രങ്ങൾ സ്ഥാപിച്ച് വനവകുപ്പ് മാതൃകയായി.
സംസ്ഥാനത്ത് ചൂട് ശക്തമാകുന്നതിനൊപ്പം ജലസ്രോതസ്സുകൾ വറ്റിയതോടെ കാട്ടിലെ പക്ഷികൾക്ക് കുടിവെള്ളവും കുളിക്കാൻ വേണ്ട വെള്ളവും ലഭ്യമാകാതെ ദുരിതം നേരിടുകയായിരുന്നു. ഇതോടെയാണ് സങ്കേതത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളം നിറച്ച മൺപാത്രങ്ങൾ സ്ഥാപിക്കാൻ വനവകുപ്പ് നടപടി സ്വീകരിച്ചത്.
സാധാരണയായി പാറക്കെട്ടുകളിലെ ചെറിയ വെള്ളക്കെട്ടുകളിലാണ് പക്ഷികൾ എത്താറുള്ളത്. എന്നാൽ വരൾച്ച കാരണം ഇവയും ഇല്ലാതായതോടെ പക്ഷികളുടെ ജീവൻ തന്നെ ഭീഷണിയിലായി. ഈ സാഹചര്യത്തിലാണ് ജലപാത്രങ്ങൾ ഒരുക്കി വനപാലകർ രംഗത്തെത്തിയത്.
പൊതുജനങ്ങളും വീടുകളുടെ പരിസരങ്ങളിൽ വെള്ളം നിറച്ച പാത്രങ്ങൾ സ്ഥാപിച്ചാൽ പക്ഷികൾക്ക് വലിയ സഹായമാകുമെന്ന് തട്ടേക്കാട് പക്ഷിസങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി.ടി. ഔസേഫ് അറിയിച്ചു.

