തൃശ്ശൂർ: പാറമേക്കാവ് ദേവസ്വവുമായി ബന്ധപ്പെട്ട പടക്കനിർമ്മാണശാലയിൽ അനുമതിയിലധികം വെടിമരുന്ന് സംഭരിച്ചതിനെ തുടർന്ന് ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് നടപടി സ്വീകരിച്ചത്.
ചിറ്റൂർ തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ലൈസൻസുപ്രകാരം 15 കിലോ വെടിമരുന്ന് മാത്രം സൂക്ഷിക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ മുതലമട വെള്ളാരംകടവിലെ ശാലയിൽ ആയിരം കിലോയോളം വെടിമരുന്ന് കണ്ടെത്തിയതായി റവന്യൂ വകുപ്പ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പടക്കനിർമ്മാണശാല പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. വിഷയത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.
ഇതിനിടെ, തിരുവമ്പാടി വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് പരിശോധനകൾ ശക്തമാക്കിയത്. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുള്ള കരിമരുന്ന് ശേഖരിച്ചിരുന്നിടത്താണ് അപകടം സംഭവിച്ചത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വം ഇക്കുറി വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനുള്ള സാധ്യത പരിശോധിക്കുന്നു. വിഷയത്തിൽ ഇന്ന് രാവിലെ കളക്ട്രേറ്റിൽ നടക്കുന്ന അവലോകനയോഗത്തിൽ അന്തിമ തീരുമാനമെടുക്കും.

