Home Keralaപൂരനഗരിയിൽ ഭക്ഷണം-വെള്ളം വിതരണം: രജിസ്‌ട്രേഷൻ നിർബന്ധം, നിർദേശവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

പൂരനഗരിയിൽ ഭക്ഷണം-വെള്ളം വിതരണം: രജിസ്‌ട്രേഷൻ നിർബന്ധം, നിർദേശവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

by news_desk1
0 comments

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് പൂരനഗരിയിൽ പൊതുജനങ്ങൾക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ വിതരണം നടത്തുന്ന എല്ലാവരും രജിസ്‌ട്രേഷൻ നേടേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

ശുദ്ധജലം മാത്രമേ ദാഹജലമായി വിതരണം ചെയ്യാവൂ എന്നും, ഫലവർഗങ്ങൾ വിതരണം ചെയ്യുന്നവർ അവ കേടുപാടില്ലാത്തതാണെന്ന് ഉറപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഐസ്‌ക്രീം വിതരണം ചെയ്യുന്നവർ നിശ്ചിത താപനില പാലിച്ച് മാത്രമേ വിതരണം നടത്താവൂ എന്നും അധികൃതർ വ്യക്തമാക്കി.

വേനൽക്കാല ചൂട് കണക്കിലെടുത്ത് പൊതുജനങ്ങൾ ആവശ്യമായ ശുദ്ധജലം കൈവശം കരുതണമെന്നും നിർദേശമുണ്ട്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നും ഭക്ഷ്യസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഭക്ഷണം വിൽപ്പനയോ വിതരണമോ നടത്തുന്നവർ നിർബന്ധമായും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പൂരനഗരിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടികളെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി.

You may also like