വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടി തുടരുന്നതിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വലിയ വെല്ലുവിളിയായി 1973ലെ വാർ പവേഴ്സ് റെസല്യൂഷൻ (യുദ്ധാധികാര നിയമം) മാറുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ 60 ദിവസത്തിൽ കൂടുതൽ യുദ്ധനടപടികൾ തുടരാനാവില്ലെന്ന വ്യവസ്ഥയാണ് ഇപ്പോൾ ട്രംപിനെ സമ്മർദ്ദത്തിലാക്കുന്നത്.
കോൺഗ്രസ് അനുമതി തേടാതെ ഫെബ്രുവരി അവസാനം ഇറാനെതിരെ സൈനിക നടപടി ആരംഭിച്ച ട്രംപ്, കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചതെന്ന് പറഞ്ഞിരുന്നു. എന്നാൽ മാർച്ച് 2ന് കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചതിനാൽ, 60 ദിവസത്തെ സമയപരിധി മെയ് 1ന് അവസാനിക്കും.
നിയമപ്രകാരം ഈ സമയപരിധിക്ക് ശേഷം ട്രംപിന് മുന്നിലുള്ള പ്രധാന വഴികൾ മൂന്ന്: കോൺഗ്രസിന്റെ അനുമതി തേടുക, സൈനിക നടപടി അവസാനിപ്പിക്കുക, അല്ലെങ്കിൽ പരിമിതമായ 30 ദിവസത്തെ കാലാവധി കൂടി ആവശ്യപ്പെടുക. എന്നാൽ ഇത് വലിയ യുദ്ധം തുടരാനുള്ള അനുമതി നൽകുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, ഡെമോക്രാറ്റുകൾ യുദ്ധനടപടികളെ ചോദ്യം ചെയ്ത് കോൺഗ്രസ് ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, റിപ്പബ്ലിക്കൻ അംഗങ്ങൾ പലവട്ടം അതിനെ തടഞ്ഞു. എന്നിരുന്നാലും, റിപ്പബ്ലിക്കൻ പാളയത്തിനകത്തും ആശങ്ക ഉയരുന്നുണ്ട്. കോൺഗ്രസിന്റെ അംഗീകാരമില്ലാതെ 60 ദിവസത്തിന് അപ്പുറം സൈനിക നടപടി തുടരാൻ പിന്തുണയില്ലെന്ന് ചില നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഭരണഘടന കമാൻഡർ-ഇൻ-ചീഫിന് വിശാലമായ അധികാരം നൽകുന്നതിനാൽ, ഈ സമയപരിധി ട്രംപ് അവഗണിക്കാനിടയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുൻപ് പ്രസിഡന്റ് ബരാക് ഒബാമ ലിബിയയിൽ സമാന സാഹചര്യം നേരിടുമ്പോൾ 60 ദിവസത്തിന് ശേഷവും സൈനിക ഇടപെടൽ തുടരുകയും ചെയ്തിരുന്നു.
എന്നാൽ നിയമം അവഗണിക്കുന്ന നീക്കം രാഷ്ട്രീയമായും നിയമപരമായും തിരിച്ചടിയാകാമെന്ന് വിലയിരുത്തപ്പെടുന്നു. കോൺഗ്രസിന്റെ മേൽനോട്ടമില്ലാതെ യുദ്ധം തുടരാൻ നൽകിയിരുന്ന പിന്തുണ ഇനി തുടരുമോ എന്നതിൽ തന്നെ അനിശ്ചിതത്വം ഉയർന്നിരിക്കുകയാണ്.

