Home Internationalഹോർമൂസ് വീണ്ടും സജീവം; 17 ലക്ഷം ബാരൽ എണ്ണയുമായി 55 കപ്പലുകൾ കടന്നു, ആഗോള വിപണിക്ക് വലിയ ആശ്വാസം

ഹോർമൂസ് വീണ്ടും സജീവം; 17 ലക്ഷം ബാരൽ എണ്ണയുമായി 55 കപ്പലുകൾ കടന്നു, ആഗോള വിപണിക്ക് വലിയ ആശ്വാസം

by news_desk1
0 comments

ടെഹ്റാൻ: ഇറാൻ-അമേരിക്ക സമാധാന ധാരണയെ തുടർന്ന് ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നതോടെ ആഗോള എണ്ണ വിപണിക്ക് വലിയ ആശ്വാസമായി. ഇന്ന് മാത്രം 55 കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഏകദേശം 17 ലക്ഷം ബാരൽ എണ്ണയുമായി സഞ്ചരിക്കുന്ന ഈ കപ്പലുകളിലെ ചരക്ക് ഉടൻ തന്നെ ആഗോള വിപണിയിലെത്തുമെന്നും അധികൃതർ വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഹോർമൂസ് കടലിടുക്ക് അടച്ചത് ലോക എണ്ണവിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സമാധാന ധാരണയ്ക്ക് പിന്നാലെ കടലിടുക്ക് തുറന്നെങ്കിലും, ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വീണ്ടും അടച്ചേക്കാമെന്ന ഇറാന്റെ മുന്നറിയിപ്പ് ആശങ്കകൾ ഉയർത്തുന്നുണ്ട്.

ഇതിനിടെ, ഹോർമൂസ് അടച്ചെന്ന വാർത്തകൾക്കിടയിലും അമേരിക്ക-ഇറാൻ ചർച്ചകൾ നാളെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വിറ്റ്സർലൻഡിൽ എത്തുമെന്നാണ് സൂചന. ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് വിവരം. പാകിസ്താനും ഖത്തറും ഉൾപ്പെടുന്ന പ്രതിനിധി സംഘങ്ങളും ചർച്ചകളിൽ പങ്കെടുക്കും.

ഇന്ത്യയ്ക്ക് ആശ്വാസമായി ‘ദിഷ’

ഹോർമൂസ് കടലിടുക്കിലെ യു.എസ്. സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ കപ്പലായ ‘ദിഷ’ ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. മൂന്ന് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കപ്പൽ ഇന്ത്യൻ തീരത്തെത്തിയത്.

62370 മെട്രിക് ടൺ എൽ.എൻ.ജിയുമായാണ് മാൾട്ട പതാക വഹിക്കുന്ന ‘ദിഷ’ ഇന്ത്യയിലെത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കപ്പൽ മൂന്ന് മാസത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു. ഹോർമൂസിൽ നിന്ന് ഇന്ത്യയിലേക്ക് വിദേശ കപ്പലുകൾ ഉൾപ്പെടെ 34 കപ്പലുകൾ കൂടി എത്താനുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഇവയിൽ 16 കപ്പലുകൾ രാസവളവും 15 കപ്പലുകൾ ഇന്ധനവുമാണ് വഹിക്കുന്നത്. നിലവിൽ 13 ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് കടക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും അവയിൽ ആകെ 539 ഇന്ത്യൻ നാവികർ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഹോർമൂസ് കടലിടുക്കിലൂടെയും മറ്റ് സംഘർഷബാധിത മേഖലകളിലൂടെയും സഞ്ചരിക്കുന്ന ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കൂടുതൽ കപ്പലുകൾ ഹോർമൂസ് കടന്നെത്തുന്നതോടെ രാജ്യത്തെ ഊർജ-കാർഷിക മേഖലകളിലെ സമ്മർദ്ദം കുറയുമെന്ന പ്രതീക്ഷയും ശക്തമാണ്.

You may also like