Home Nationalഞായറാഴ്ചയും അവധിയില്ല; നീറ്റ് പരീക്ഷ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ ക്യാമ്പസിൽ തുടരണമെന്ന് നിർദേശം

ഞായറാഴ്ചയും അവധിയില്ല; നീറ്റ് പരീക്ഷ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ ക്യാമ്പസിൽ തുടരണമെന്ന് നിർദേശം

by news_desk1
0 comments

ദില്ലി: നീറ്റ് പരീക്ഷ നടക്കാനിരിക്കെ മെഡിക്കൽ, ഡെന്റൽ കോളേജ് പ്രിൻസിപ്പൽമാർക്ക് കർശന നിർദേശങ്ങളുമായി ഡിഎംഇയുടെ സർക്കുലർ. ഇന്നും നാളെയും സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികൾക്ക് അവധി അനുവദിക്കരുതെന്നും, അത്യാവശ്യ സാഹചര്യങ്ങളിൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം അവധി നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

വിദ്യാർത്ഥികൾ ഹോസ്റ്റലുകളിലും ക്യാമ്പസിലും തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കണമെന്നും പരീക്ഷയെ ബാധിക്കാവുന്ന സംശയാസ്പദമായ പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ വിട്ടുനിർത്താൻ കോളേജ് അധികൃതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. അവധി ദിവസമായ ഞായറാഴ്ച പോലും വിദ്യാർത്ഥികൾക്ക് അവധി നൽകാതിരിക്കണമെന്ന നിർദേശത്തിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്. മുൻപ് നടന്ന നീറ്റ് ക്രമക്കേടുകളിൽ ചില വിദ്യാർത്ഥികൾ ഉൾപ്പെട്ടതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ കർശന നടപടി.

അതേസമയം, നീറ്റ് പരീക്ഷയെ സംബന്ധിച്ച് കൂടുതൽ മാർഗനിർദേശങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രംഗത്തെത്തി. ഔദ്യോഗിക സന്ദേശങ്ങൾ 7827980287 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ മാത്രമേ ലഭിക്കുകയുള്ളൂവെന്നും ഇത് ബ്ലൂ ടിക്ക് വെരിഫൈഡ് നമ്പറാണെന്നും അധികൃതർ അറിയിച്ചു.

ഈ നമ്പറിലേക്ക് വിദ്യാർത്ഥികൾക്ക് മറുപടി സന്ദേശം അയയ്ക്കാനാകില്ല. വ്യക്തിഗത വിവരങ്ങളോ ഒടിപിയോ ഒരിക്കലും ആവശ്യപ്പെടില്ലെന്നും പണം അടയ്ക്കാൻ നിർദേശിക്കില്ലെന്നും ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പങ്കുവെക്കില്ലെന്നും എൻടിഎ അറിയിച്ചു. ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നാഷണൽ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930-ൽ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.

നാളത്തെ പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ പുതിയ അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. മെയ് 30-ലെ അഡ്മിറ്റ് കാർഡ് ഈ പരീക്ഷയ്ക്ക് ഉപയോഗിക്കരുതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.

You may also like