പത്തനംതിട്ട: പത്തനംതിട്ടയിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററുമായി ബന്ധപ്പെട്ട പീഡനക്കേസിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികളും പൊലീസ് പിടിയിലായി. മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു.
എലോഹിം ആരാധനാലയത്തിന് കീഴിലുള്ള സ്നേഹ തണൽ വൃദ്ധസദനത്തിലാണ് 17കാരൻ ഉൾപ്പെടെയുള്ള അന്തേവാസികൾക്ക് മർദ്ദനമേറ്റ സംഭവം നടന്നത്. സ്ഥാപനത്തിലെ ക്രൂരതകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കുട്ടികൾക്കൊപ്പം മുതിർന്നവരെയും മർദ്ദിക്കാറുണ്ടായിരുന്നുവെന്നും മതിയായ ഭക്ഷണമോ മരുന്നോ നൽകാറില്ലായിരുന്നുവെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തി.
പീഡനവുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് പ്രതികൾക്കെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണം നൽകാനായി സ്ഥാപന നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടം വാർത്താസമ്മേളനം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി.
പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന് കീഴിൽ ചെന്നീർക്കര പഞ്ചായത്തിലെ ഊന്നുകലിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലാണ് അന്തേവാസികളായ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ക്രൂര മർദ്ദനം നേരിടേണ്ടി വന്നത്. മുറികളിൽ പൂട്ടിയിട്ടാണ് കുട്ടികളെ ഉപദ്രവിച്ചതെന്നും സംഭവം പുറത്തുപറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് നടത്തിപ്പുകാർ ഭീഷണിപ്പെടുത്തിയതായും മുൻ ജീവനക്കാരി പറഞ്ഞു.
മർദ്ദനമേറ്റ അണക്കര സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിൽ കട്ടപ്പന പൊലീസ് ആദ്യം കേസെടുത്തു. തുടർന്ന് അന്വേഷണം ഇലവുംതിട്ട പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവർ സ്ഥാപനത്തിൽ പരിശോധന നടത്തി. കുട്ടികൾക്ക് നേരെയുള്ള മർദ്ദനം നേരിട്ട് കണ്ട അന്തേവാസികളുടെ മൊഴികൾ സിഡബ്ല്യുസി പൊലീസിന് കൈമാറും.
കേസിലെ അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ ജീവനക്കാർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനായി ഇലവുംതിട്ട പൊലീസ് എഫ്ഐആറിൽ ഭേദഗതി വരുത്തും.

