തൃശൂര്‍: കോടാലിയില്‍ എട്ടുവയസുകാരന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായി പാമ്പുകള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ വീട്ടിലെ തറയുടെ ഭാഗം പൊളിച്ചാണ് വിശദ പരിശോധന നടത്തുന്നത്.
ശുചിമുറിയിലെ പൈപ്പിലൂടെ പാമ്പുകള്‍ വീട്ടിനുള്ളിലേക്ക് കടക്കുന്നതാകാമെന്ന സംശയത്തെ തുടര്‍ന്ന് അതിനോട് ചേര്‍ന്ന ഭാഗമാണ് പൊളിച്ച് പരിശോധിക്കുന്നത്. സര്പ്പവിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.
കുട്ടി മരിച്ചതിന് ശേഷം ഇതുവരെ അഞ്ചു പാമ്പുകളെയാണ് വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തിയത്. എല്ലാം ശംഖുവരയന്‍ ഇനത്തില്‍പ്പെട്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ അര്‍ധരാത്രിയില്‍ ശുചിമുറിയില്‍നിന്നും ഒരു പാമ്പ് കണ്ടെത്തിയപ്പോള്‍, അതിന് മുമ്പ് കിടപ്പുമുറിയില്‍നിന്നും മറ്റൊന്ന് പിടികൂടിയിരുന്നു.
കോടാലി സ്വദേശികളായ സില്‍ജോ–ജോണ്‍സി ദമ്പതികളുടെ മക്കളായ അല്‍ജോയും അനോഷും ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റതാണ് ദുരന്തത്തിന് കാരണമായത്. തലയിണയ്ക്കുള്ളില്‍ ഒളിച്ചിരുന്ന പാമ്പാണ് ഇരുവരെയും കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാത്രിയില്‍ വയറുവേദനയുണ്ടായതായി പറഞ്ഞ കുട്ടികളെ ആദ്യം സാധാരണ അസുഖമെന്നായിരുന്നു കുടുംബം കരുതിയത്. എന്നാല്‍ പുലര്‍ച്ചെ കുട്ടികളുടെ വായില്‍നിന്ന് നുരയും പതയും വന്നതോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
ഇതിനിടെ അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്ക നിലനില്‍ക്കുകയാണ്.

