തൃശൂര്‍: കുതിരാന്‍ മേഖലയിലെ ജനവാസ പ്രദേശത്തിന് സമീപം വനംവകുപ്പ് പാമ്പുകളെ തുറന്നു വിടുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ വനംവകുപ്പിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞു.
വിവിധ സ്ഥലങ്ങളില്‍നിന്ന് പിടികൂടുന്ന പാമ്പുകളെയാണ് കുതിരാന്‍ ക്ഷേത്ര പരിസരത്ത് വിട്ടുതരുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ജനവാസ പ്രദേശത്തിന് അടുത്തുള്ള ഈ നടപടി വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടിലെ ശുചിമുറിയില്‍ രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റ സംഭവവും ആശങ്ക വര്‍ധിപ്പിച്ചു. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം.
ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയത്. ജനവാസ മേഖലയ്ക്ക് സമീപം വിഷമുള്ള പാമ്പുകളെ തുറന്നുവിടുന്നതില്‍ നിന്നും പിന്മാറണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

