കോതമംഗലം: കോതമംഗലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ട്. പുതുപ്പാടി മേഖലയിലാണ് രോഗബാധ ഏറ്റവും കൂടുതലായി കണ്ടെത്തിയത്. ഇവിടെ മാത്രം ഏകദേശം 35 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ചിറപ്പടി വാർഡിലാണ് രോഗബാധിതർ കൂടുതലായി ഉള്ളത്. ഒരു കോളേജിലെ നിരവധി വിദ്യാർത്ഥികൾക്കും രോഗബാധ ഉണ്ടായതായി വിവരം.
രോഗബാധിതരിൽ രണ്ട് പേർക്ക് ഹെപ്പറ്റൈറ്റിസ് ബി ലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും ആരോഗ്യവകുപ്പ് ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. രോഗബാധിതരിൽ ഭൂരിഭാഗവും ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ നാല് പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ചിലർ നാട്ടുവൈദ്യ ചികിത്സയിലാണ് തുടരുന്നത്.
കഴിഞ്ഞ മാസം 29 മുതലാണ് പുതുപ്പാടി–മുളവൂർകവല മേഖലയിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാമല്ലൂർ പ്രദേശത്തും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
രോഗവ്യാപനത്തിന് പ്രധാന കാരണം പ്രദേശംകൂടി കടന്നുപോകുന്ന മൈനർ ഇറിഗേഷൻ കനാലിൽ മാലിന്യം അടിഞ്ഞുകൂടി വെള്ളം മലിനമായതാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഇതിനെ തുടർന്ന് കനാൽ ശുചീകരണവും കിണറുകളിൽ ക്ലോറിനേഷനും ശക്തമാക്കി. വീടുകളിലൂടെയും അങ്കണവാടികളിലൂടെയും ബോധവത്കരണ പരിപാടികൾ നടത്തി വരുന്നു.
ആരോഗ്യവകുപ്പ് നൽകിയ പ്രധാന നിർദ്ദേശങ്ങൾ:
- കുടിവെള്ളം തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക
- തുറന്നുവച്ച ഭക്ഷണം ഒഴിവാക്കുക
- ഭക്ഷണത്തിന് മുൻപും ശുചിമുറി ഉപയോഗത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
- തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തരുത്
ഫിൽറ്റർ ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുന്നത് മതിയാകില്ലെന്നും വൈറസ് നശിപ്പിക്കാൻ തിളപ്പിക്കൽ നിർബന്ധമാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. അശാസ്ത്രീയ ചികിത്സാരീതികൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

