തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് വ്യാപക ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന് അറിയിച്ചു. അമിത അളവില്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നോയെന്നതടക്കം വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഭാവിയില്‍ വെടിക്കെട്ടുകള്‍ വലിയ ശബ്ദം ഒഴിവാക്കി വർണ്ണാഭമായ രീതിയില്‍ നടത്തുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഒളിമ്പിക്സ് ആഘോഷങ്ങളില്‍ കാണുന്ന മാതൃകയില്‍ ശബ്ദം കുറച്ച് വർണ്ണപ്രദര്ശനങ്ങള്ക്ക് പ്രാധാന്യം നല്കുന്ന രീതിയിലേക്ക് മാറണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഇതിനകം ഒഴിവാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തില്‍ ആദ്യം 10 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് ഒരാളെ കൂടി തിരിച്ചറിഞ്ഞതോടെ എണ്ണം ഉയര്‍ന്നു. ഇതുവരെ 29 ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഡി.എന്‍.എ പരിശോധന പുരോഗമിക്കുകയാണെന്നും നാല് പേരെക്കുറിച്ചുള്ള വ്യക്തത ഇനി വരാനുണ്ടെന്നും മന്ത്രി പറഞ്ഞു.
സംഭവസമയത്ത് സ്ഥലത്ത് ഏകദേശം 38 പേര് ഉണ്ടായിരുന്നുവെന്നാണ് വിവരം. രേഖകള്‍ നഷ്ടമായതിനാല്‍ കൃത്യമായ എണ്ണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ലഘു പരിക്കേറ്റവരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതിനിടെ ദുരന്തസ്ഥലത്ത് തിരച്ചില്‍ തുടരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്നായി വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഡാവര്‍ നായ്ക്കളുടെ സഹായത്തോടെയും പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിലുമാണ് പരിശോധന നടക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെയും വ്യാപക പരിശോധന തുടരുന്നുണ്ട്.
ശരീരഭാഗങ്ങളുടെ ഡി.എന്‍.എ പരിശോധന വേഗത്തിലാക്കുന്നതിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മൊബൈല്‍ ഡിഎന്‍എ പരിശോധന യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. പരിശോധനാഫലങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

