റിയാദ്: സൗദി അറേബ്യയുടെ ഗതാഗത മേഖലയിലെ ചരിത്രപ്രധാന പദ്ധതിയായ ‘സൗദി ലാൻഡ്ബ്രിഡ്ജ്’ യാഥാർഥ്യത്തിലേക്ക് കടക്കുന്നു. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും മേഖലകളെ ബന്ധിപ്പിക്കുന്ന ഏകദേശം 1500 കിലോമീറ്റർ നീളമുള്ള റെയിൽവേ പാതയുടെ വിശദമായ ഡിസൈൻ തയ്യാറാക്കാനുള്ള കരാർ സ്പാനിഷ് കമ്പനിയായ സെനറിന് ലഭിച്ചു.
ജിദ്ദയെ ദമ്മാം, ജുബൈൽ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ വമ്പൻ പദ്ധതി രാജ്യത്തെ ചരക്ക് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. സൗദി റെയിൽവേ അതോറിറ്റിയായ ‘സാർ’ 2025-ൽ ക്ഷണിച്ച ആഗോള ടെൻഡറിലൂടെയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. പദ്ധതിയുടെ പ്രാഥമിക രൂപരേഖ ഇറ്റാലിയൻ കമ്പനിയായ ഇറ്റാൽഫെർ തയ്യാറാക്കിയിരുന്നു.
പുതിയ കരാറിലൂടെ പദ്ധതിയുടെ സമഗ്ര എൻജിനീയറിങ് പ്ലാനും വിശദമായ ഡിസൈനുകളും പൂർത്തിയാക്കി നിർമ്മാണത്തിലേക്ക് കടക്കാനാണ് ലക്ഷ്യം. രാജ്യത്തെ പ്രധാന വ്യവസായ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് ഗതാഗത സമയം ഗണ്യമായി കുറയ്ക്കാൻ ഈ റെയിൽപാത സഹായിക്കും.
ഘട്ടംഘട്ടമായി വികസിപ്പിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഗതാഗത മേഖലയിലെ പ്രധാന ചരക്ക് പാതകളിലൊന്നായി മാറുന്ന ഈ പദ്ധതി സൗദിയുടെ വ്യാപാര രംഗത്തും സാമ്പത്തിക വളർച്ചയിലും വലിയ ഉണർവ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

