കല്പറ്റ: മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമായി മുസ്ലിം ലീഗ് നിര്‍മ്മിച്ച വീടുകളിലേക്ക് ഇന്ന് മുതല്‍ ഗുണഭോക്താക്കള്‍ പ്രവേശനം ആരംഭിക്കുന്നു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ നിര്‍മ്മിച്ച 51 വീടുകളിലാണ് ഏപ്രില്‍ 30 വരെ ഘട്ടംഘട്ടമായി താമസം തുടങ്ങുന്നത്.
ഗുണഭോക്താക്കളുടെ സ്വകാര്യത കണക്കിലെടുത്ത് പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കാളികളാകുന്ന രീതിയിലാണ് കയറിത്താമസിക്കല്‍ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ പരീക്ഷകളും പൊതുതെരഞ്ഞെടുപ്പും തുടങ്ങിയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഈ സമയത്ത് താമസം തുടങ്ങാന്‍ തീരുമാനിച്ചത്. അനിയന്ത്രിതമായ തിരക്ക് പരിപാടിയുടെ ഗൗരവം കുറയ്ക്കാമെന്നതിനാല്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മൂന്ന് കിടപ്പുമുറികളുളള 1050 ചതുരശ്ര അടിയിലുള്ള വീടുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീടുകളോടൊപ്പം ആവശ്യമായ ഫര്‍ണിച്ചറും നല്‍കിയിട്ടുണ്ട്. കൂടാതെ കമ്യൂണിറ്റി ഹാള്‍, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

