തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ചൂട് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് പൊതുപരിപാടികൾക്ക് നിയന്ത്രണം ഉൾപ്പെടെയുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
പൊതുവിടങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിച്ച് കുടിവെള്ളവും ഒആർഎസും ലഭ്യമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വഴിയോരങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അംഗനവാടികളിലും സ്കൂളുകളിലും ‘കൂൾ റൂഫ്’ സംവിധാനങ്ങൾ നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുകയും അതിനാവശ്യമായ ധനസഹായം ഉറപ്പാക്കുകയും വേണം. ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നതും പരിഗണിക്കണമെന്ന് യോഗം നിർദേശിച്ചു.
സൂര്യാഘാതം നേരിടുന്നതിനുള്ള പ്രഥമ ശുശ്രൂഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും ആരോഗ്യ സ്ഥാപനങ്ങൾ സജ്ജമാകണമെന്നും നിർദേശം നൽകി. മഴവെള്ള സംഭരണം വ്യാപകമാക്കാനും നിർദ്ദേശമുണ്ട്.
അതേസമയം കടുത്ത ചൂടിനെ തുടർന്ന് പാമ്പുകടി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇഴജന്തുക്കളെതിരെ ജാഗ്രത പാലിക്കണമെന്നും ആശുപത്രികളിൽ മതിയായ ആൻറിവെനം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈദ്യുതി ഉപയോഗത്തിൽ കാര്യക്ഷമത ഉറപ്പാക്കി പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികളും ശക്തിപ്പെടുത്തണമെന്ന് യോഗം വിലയിരുത്തി.

