വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പിൽ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. താനും പ്രഥമ വനിത മെലാനിയ, ട്രംപ് കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അദ്ദേഹം അറിയിച്ചു.
പരിക്കേറ്റ ഉദ്യോഗസ്ഥനുമായി സംസാരിച്ചുവെന്നും രാഷ്ട്രീയ ഭിന്നതകൾക്ക് അക്രമത്തിലൂടെ പരിഹാരം തേടാൻ ആരും ശ്രമിക്കരുതെന്നും ട്രംപ് പറഞ്ഞു. ഇതിന് മുമ്പും വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രി വാഷിങ്ടണിലെ ഹിൽട്ടണിൽ ഹോട്ടലിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് സംഭവം ഉണ്ടായത്. അത്താഴവിരുന്നിനിടെ വെടിയുതിർന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ ഉടൻ വേദിയിൽ നിന്ന് ഒഴിപ്പിച്ചു.
കാലിഫോർണിയ സ്വദേശിയായ 31കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെടിവെപ്പിനിടെ 5 മുതൽ 8 തവണ വരെ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ അറിയിച്ചു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും പ്രമുഖരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്ന പരിപാടിയിൽ ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതരായി ഒഴിപ്പിച്ചു.
സംഭവസമയത്ത് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി സംഭവത്തെ തുടർന്ന് അന്വേഷണം തുടരുകയാണ്.

