Home Nationalഉഷ്ണതരംഗ ഭീഷണി: 21 സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമായി മനുഷ്യാവകാശ കമ്മീഷന്റെ ജാഗ്രത നിർദേശം

ഉഷ്ണതരംഗ ഭീഷണി: 21 സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമായി മനുഷ്യാവകാശ കമ്മീഷന്റെ ജാഗ്രത നിർദേശം

by news_desk1
0 comments

ന്യൂഡൽഹി: രാജ്യത്ത് ഉയരുന്ന താപനിലയെ തുടർന്ന് ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്കു കത്തയച്ചു. കേരളം ഉൾപ്പെടെ 21 സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

ഉഷ്ണതരംഗത്തെ നേരിടാൻ സംസ്ഥാനങ്ങൾ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, തൊഴിലാളികൾ, ഭവനരഹിതർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. വയോധികർ, കുട്ടികൾ, നവജാതശിശുക്കൾ എന്നിവരെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദേശമുണ്ട്.

ചൂട് പ്രതിരോധ നടപടികളുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2019 മുതൽ 2023 വരെ രാജ്യത്ത് ഉഷ്ണതരംഗവും സൂര്യാഘാതവും മൂലം 3712 പേർ മരിച്ചതായി കമ്മീഷൻ ചൂണ്ടിക്കാട്ടി.

ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഉയരുന്ന ചൂടിനെ നേരിടാൻ സമയോചിതമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

You may also like