ന്യൂഡൽഹി : പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് ജില്ലകളിലായി 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി തേടുന്നത്. ആകെ 1,448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സരരംഗത്തുള്ളത്.
രാവിലെ 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. മുഖ്യമന്ത്രി Mamata Banerjeeയും പ്രതിപക്ഷ നേതാവ് Suvendu Adhikariയും ഏറ്റുമുട്ടുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.
എസ്ഐആർ അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ് വോട്ടുതേടുന്നത്. കൊൽക്കത്ത ഉൾപ്പെടെയുള്ള ഇന്നത്തെ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃണമൂലിന് വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു. 142 മണ്ഡലങ്ങളിൽ 123 ഇടങ്ങളിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങൾക്ക് സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ 152 മണ്ഡലങ്ങളിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 93.19 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
