ഇടുക്കി: നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ സജി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വീടിനോട് ചേർന്ന ഏലത്തോട്ടത്തിൽ ഒളിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മരംകയറുന്നതിൽ പ്രാവീണ്യമുള്ള ഇയാൾ മരത്തിന്റെ മുകളിൽ കയറി പൊലീസ് നീക്കങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം.
അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിക്രൂരമായാണ് സജി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭക്ഷണം കഴിക്കുന്നതിനിടെ സഹോദരന്റെ തലയിൽ അടിച്ചശേഷം തുണികൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.
സംഭവം കണ്ടു ബഹളംവെച്ച മാതാവ് മേരിക്കുട്ടിയെ കൈ ഒടിച്ചശേഷം മൂക്കിൽ ശക്തമായി അടിച്ച് കൊലപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. ഏപ്രിൽ നാലിനായിരുന്നു കൊലപാതകം നടന്നത്. മൃതദേഹങ്ങൾ രണ്ട് ദിവസം വീട്ടിനുള്ളിൽ കട്ടിലിനടിയിൽ സൂക്ഷിച്ചശേഷം മൂന്നാം ദിവസം വീട്ടിനോട് ചേർന്ന പറമ്പിൽ കുഴിച്ചുമൂടിയതായും പ്രതി സമ്മതിച്ചു.
മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ മുൻകൂട്ടി തയ്യാറാക്കി വെച്ച ബാഗുമായി ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും അന്വേഷണ സംഘം വ്യക്തമാക്കി.
മേരിക്കുട്ടിയുടെയും റെജിയുടെയും തിരോധാനത്തെ തുടർന്ന് സഹോദരി സിനി ഞായറാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ തിങ്കളാഴ്ച രാവിലെ വീട്ടിനോട് ചേർന്ന പറമ്പിൽ മണ്ണിനടിയിൽ നിന്ന് ഒരു പുരുഷന്റെ കാലഭാഗം പുറത്തേക്ക് കാണപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
