തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽമഴയെത്തുന്നു. മഴ പെയ്യാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. മെയ് രണ്ട് വരെ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ:ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നൽ അപകടകാരികളായതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം.അകത്തളങ്ങളിൽ സുരക്ഷിതരാവുക: ഇടിമിന്നലിന്റെ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലും വാതിലും അടച്ചിടുകയും ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുകയും ചെയ്യുക.വൈദ്യുതോപകരണങ്ങൾ: മിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ടെലഫോൺ ഉപയോഗം ഒഴിവാക്കണം (മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല).തുറസായ സ്ഥലങ്ങൾ: ടെറസിലോ മൈതാനത്തോ കളിക്കുന്നത് ഒഴിവാക്കുക. മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനം പാർക്ക് ചെയ്യുന്നതും അപകടകരമാണ്. യാത്രയിലാണെങ്കിൽ വാഹനത്തിനകത്ത് തന്നെ തുടരുക.ജലാശയങ്ങൾ: ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നതും മീൻ പിടിക്കുന്നതും ബോട്ടിംഗും പൂർണ്ണമായും ഒഴിവാക്കണം. പൈപ്പുകളിലൂടെ വൈദ്യുതി സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കുക.മൃഗങ്ങളുടെ സുരക്ഷ: വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. മഴ തുടങ്ങുമ്പോൾ അവയെ മാറ്റി കെട്ടാൻ പോകുന്നത് മിന്നലേൽക്കാൻ കാരണമായേക്കാം.മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്നതിനാൽ അവർക്ക് ഉടൻ പ്രഥമ ശുശ്രൂഷ നൽകാനും ആശുപത്രിയിലെത്തിക്കാനും മടിക്കരുത്. ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണെന്നും കാലാവസ്ഥാ വകുപ്പ് ഓർമ്മിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്കും തത്സമയ മുന്നറിയിപ്പുകൾക്കുമായി ‘ദാമിനി’ മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്.ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ആംഗ്യഭാഷാ സന്ദേശം ഈ ലിങ്കിൽ ലഭ്യമാണ്: https://www.youtube.com/watch?v=So1uMkDyzd4
3
