Home Top Storiesവി.ഡി. സതീശന് ലഭിക്കുന്ന പിന്തുണ ജനവികാരം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സാദിഖലി തങ്ങൾ

വി.ഡി. സതീശന് ലഭിക്കുന്ന പിന്തുണ ജനവികാരം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സാദിഖലി തങ്ങൾ

by news_desk
0 comments

യുഡിഎഫിന്റേത് വൻ വിജയമാകുമെന്ന് എക്സിറ്റ് പോളുകൾ; ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചു വാങ്ങില്ലെന്ന് മുസ്ലീം ലീഗ്

മലപ്പുറം: സംസ്ഥാനത്ത് വരാനിരിക്കുന്ന ഭരണമാറ്റത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വിവിധ എക്സിറ്റ് പോളുകളിൽ വി.ഡി. സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലഭിച്ച ജനപിന്തുണ പൊതുസമൂഹത്തിന്റെ വികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. ജനവികാരം പരിഗണിച്ചായിരിക്കും യുഡിഎഫ് ഭാവി തീരുമാനങ്ങൾ കൈക്കൊള്ളുക. എക്സിറ്റ് പോൾ ഫലങ്ങൾ മുന്നണിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും പ്രവചനങ്ങളേക്കാൾ കൂടുതൽ സീറ്റുകൾ യുഡിഎഫ് നേടുമെന്നും തങ്ങൾ മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെങ്കിലും അവരും ജനങ്ങളുടെ താൽപര്യം മാനിക്കുമെന്ന് തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ ഏജൻസികളും യുഡിഎഫിന്റെ വിജയം ഒരുപോലെ പ്രവചിക്കുന്നു എന്നത് ശുഭസൂചനയാണ്. ഭാവി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ലീഗിന്റെ വിശ്വാസം. സതീശന്റെ നേതൃത്വത്തിന് ലഭിക്കുന്ന അംഗീകാരം കേരളത്തിലെ ജനങ്ങളുടെ അഭിപ്രായമായി തന്നെ കണക്കാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പുതിയ മന്ത്രിസഭയിൽ സ്ഥാനങ്ങൾ ചോദിച്ചു വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. മുൻകാലങ്ങളിൽ മന്ത്രിസഭയിൽ അടക്കം ലീഗിന് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ട്, ഇത്തവണയും അർഹതപ്പെട്ടത് ലഭിക്കുമെന്ന് തങ്ങൾ പറഞ്ഞു. ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണെന്നും ഇക്കാര്യത്തിൽ സിപിഐഎം നേതാവ് എ.കെ. ബാലന്റെ ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം മറുപടി നൽകി. മുന്നണിയുടെ വിജയത്തിന് ശേഷം ആത്മവിശ്വാസത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകാനാണ് ലീഗ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like